X

മുഖ്യമന്ത്രി വിശ്വാസ്യത തെളിയിക്കണം-എഡിറ്റോറിയല്‍

സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതിയായ യുവതി സംസ്ഥാന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി നടത്തിവരുന്ന തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ കേരളീയ പ്രബുദ്ധതയുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലായി മാറിയിട്ട് നാളുകളായി. രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊണ്ടുവന്ന 15 കോടിയോളം രൂപയുടെ വിദേശ സ്വര്‍ണം നയതന്ത്ര ചാനല്‍വഴി പുറത്തുകടത്താന്‍ ശ്രമിച്ചതാണ് പിടികൂടപ്പെട്ടതും വലിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചതും. അത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇടപെട്ട് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതായി വിവരങ്ങള്‍ പുറത്തുവരികയും ആയതിന്റെപേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്യുകയും അദ്ദേഹത്തിന് മൂന്നര മാസത്തിലധികം ജയില്‍വാസംലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും കേസിലെ മറ്റൊരു പ്രതി സ്വപ്‌നസുരേഷ് പറഞ്ഞ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമുള്ളതും ഭരണകൂടത്തിന്റെയും മുഖ്യമന്ത്രിയുടെതന്നെയും വിശ്വാസ്യതയെ ഗുരുതരമായി ചോദ്യം ചെയ്യുന്നതുമായിരിക്കുന്നു.

സ്വപ്‌നസുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയനുസരിച്ച് മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് സ്വര്‍ണം കള്ളക്കടത്ത് നടത്തിയതായാണ് വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന സംശയമാണ് സ്വപ്‌നസുരേഷ് പുറത്തുപറഞ്ഞിരിക്കുന്നത്. മാത്രമല്ല, താന്‍ തനിച്ച് പലതവണ ക്ലിഫ്ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും യുവതി പറയുന്നു. സ്വപ്‌ന വന്നതെല്ലാം കോണ്‍സലേറ്റ് ഉദ്യോഗസ്ഥരുടെ കൂടെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കാനും സ്വപ്‌ന തയ്യാറായത് ലളിതമായി കാണാനാവില്ല. താന്‍ തനിച്ച് ക്ലിഫ്ഹൗസില്‍ ചെന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടാകുമല്ലോ എന്നും അത് പുറത്തുവിടാന്‍ തയ്യാറുണ്ടോ എന്നും സ്വപ്‌ന വെല്ലുവിളിക്കുന്നു. യു.എ.ഇ ഷെയ്ഖിനെ മറ്റൊരു വഴിയിലൂടെ ക്ലിഫ്ഹൗസിലേക്ക് കൊണ്ടുപോയതെന്തിനാണെന്നും അവര്‍ ചോദിക്കുന്നു. പിണറായിയുടെ മകള്‍ വീണവിജയന്‍ മുഖേന അമേരിക്കന്‍ കമ്പനിക്ക് കേരളത്തിലെ കോവിഡ് രോഗികളുടെ ഡാറ്റ ശേഖരിക്കാന്‍ അനുമതി നല്‍കിയതും സ്വപ്‌ന സുരേഷ് ചോദ്യംചെയ്യുന്നു. സ്പ്രിംക്‌ളര്‍ കമ്പനിയുടെ കേരളത്തിലേക്കുള്ള വരവിന് മുന്‍കയ്യെടുത്തതും വീണയാണെന്ന് സ്വ്പന പറയുമ്പോള്‍ അത് എതിര്‍ക്കപ്പെടാന്‍ പറ്റിയ ന്യായം അവതരിപ്പിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

സ്പ്രിംക്‌ളര്‍ ഇടപാട് കോടതിയിടപെടല്‍ കാരണം റദ്ദാക്കേണ്ടിവന്നത് ഓര്‍ക്കണം. പിണറായിയുടെ കുടുംബത്തിന് സ്വകാര്യതയുണ്ടെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള വാദം ന്യായംതന്നെയാണ്. എന്നാല്‍ അവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളാണെന്നത് എത്രമറുവാദം പറഞ്ഞാലും തള്ളിക്കളയാനാകുമോ? ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും പ്രതിചേര്‍ക്കേണ്ടതുണ്ട്. അപ്പോഴതില്‍ മുഖ്യമന്ത്രിയുടെ മകളും പ്രതിയാകേണ്ടിവരുമെന്നാണ് സ്വപ്‌നയുടെ മൊഴിയിലെ വസ്തുത. തന്റെ സുഹൃത്തായിരുന്ന ഷാജ്കിരണ്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് വിജിലന്‍സ് മേധാവിയുമായി ഷാജ് കിരണ്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചെന്ന സ്വപ്‌നയുടെ ചോദ്യവും കേരളത്തിന്റെ മന:സാക്ഷിക്കുനേരെയാണ്. ഇതിനൊന്നും വിശ്വാസ്യയോഗ്യമായ മറുപടി പുറത്തോ നിയമസഭക്കകത്തുപോലുമോ പറയാന്‍ അണികള്‍ അത്യാരാധനയോടെ കാണുന്ന പിണറായി വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, മകളുടെ കമ്പനിയുടെ ഉപദേശകനായിരുന്നു കളങ്കിതനായ ജെയ്ക് ബാലകൃഷ്ണനെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ വാദവും അല്ലെന്ന് സ്ഥാപിക്കാന്‍ പിണറായിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മടിയില്‍ കനമില്ലെന്നും അതുകൊണ്ടാരെയും ഭയമില്ലെന്നും വിരട്ടാന്‍ നോക്കേണ്ടെന്നുമൊക്കെ നാഴികക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് തന്നെയും തന്റെ പാര്‍ട്ടിയെയുമെങ്കിലും ഇക്കാര്യങ്ങളിലെ പുകമറ നീക്കി സത്യം പുറത്തുകൊണ്ടുവരാനുള്ള ബാധ്യതയുണ്ട്. ജനാധിപത്യത്തില്‍ സീസറിന്റെ ഭാര്യപോലും സംശയാതീതമായിരിക്കണമെന്നാണ ്പറയാറ്. ഇത് പിണറായിവിജയനും കുടുംബത്തിനും ബാധകമാണെന്ന് മറക്കരുത്. മുമ്പ് ഇതിലും ലളിതമായൊരു ആരോപണം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കുനേരെ മറ്റൊരു വനിത ഉയര്‍ത്തിയപ്പോള്‍ അതേറ്റുപിടിച്ച് നാടുനീളെ കലാപം സൃഷ്ടിച്ചവര്‍ക്ക് സ്വന്തം നേതാവിനെതിരായ പുതിയ വെളിപ്പെടുത്തലിനെയും ഏറ്റെടുത്ത് സംശയ നിവൃത്തിവരുത്താന്‍ കഴിയേണ്ടതുണ്ട്.

Chandrika Web: