X

മുഖ്യമന്ത്രി കവളപ്പാറ ക്യാമ്പിലെത്തി; പ്രഹസനമായി അവലോകനയോഗം പ്രതിഷേധവുമായി മുസ്‌ലിംലീഗ് എം.എല്‍.എമാര്‍


നിലമ്പൂര്‍ : ദുരന്തഭൂമിയായ കവളപ്പാറ സന്ദര്‍ശിക്കാതെ ക്യാമ്പിലെത്തി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ പരക്കെ പ്രതിഷേധം. പോത്തുകല്ല് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗവും പ്രഹസനമായി. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഒരുമിനുട്ടുകൊണ്ട് സ്വാഗതം പറഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മിനിട്ട് സംസാരിച്ചു. അതിന് ശേഷം മറ്റു മ്ര്രന്തിമാരും എം.എല്‍.എ മാരും മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവര്‍ക്ക് അവസരം നല്‍കിയില്ല. ദുരിത മേഖലയിലെ ജന പ്രതിനിധികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് കടുത്ത പ്രതിഷേധമാണ് യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ പ്രകടിപ്പിച്ചത്. അഡ്വ.എം ഉമ്മര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചത്. ഉരുള്‍പൊട്ടല്‍ നടന്ന കവളപ്പാറയും ദുരന്തം വിതച്ച പാതാറും മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടിയിരുന്നു. മേഖലയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും അവലോകനയോഗവുമെല്ലാം ഏകപക്ഷീയമായി മാറി. സ്ഥലത്തെ ഭരണ കക്ഷി എം.എല്‍.എയെ അടക്കം വിശ്വാസത്തിലെടുക്കുന്നില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരും ഇക്കാര്യത്തില്‍ ഉത്തരവാദികളാണ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കവളപ്പാറയിലെ ദുരിത ബാധിതര്‍ കഴിയുന്ന ഭൂതാനം സെന്റ്‌മേരീസ് ചര്‍ച്ചിലെ ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മടങ്ങി അരമണിക്കൂറിനുള്ളിലാണ് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ഭാരവാഹികളോടൊത്ത് കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിച്ചത്. അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഭരണകക്ഷി എം.എല്‍.എ ഉള്‍പ്പെടെ ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരെ ഒന്നും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പ്രളയ സമയത്തു പോലും ധിക്കാരത്തിന്റെ രാഷ്ട്രീയമാണ് പിണറായി വിജയന്‍ അനുവര്‍ത്തിക്കുന്നത്. കലക്ടര്‍ മുഖ്യമന്ത്രിയുടെ താളത്തിനൊത്ത് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ചാണ് കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും ലീഗ് എം.എല്‍.എമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വരെ കവളപ്പാറ സന്ദര്‍ശിച്ചിട്ടും കവളപ്പാറ സന്ദര്‍ശിക്കാതെ മടങ്ങിയത് മനുഷ്യത്വരഹിതമാണെന്നും എം.എല്‍.എമാര്‍ പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ഇസ്മായില്‍ മൂത്തേടം, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി കുഞ്ഞാന്‍ എന്നിവരും എം.എല്‍.എമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

web desk 1: