മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും ജനപ്രതിനിധികളെ വേട്ടയാടുകയാണെന്നും കോതമംഗലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടിയില്‍ കെ സുധാകരന്‍ വിമര്‍ശിച്ചു.
ഈ വര്‍ഷം മാത്രം ഏഴ് പേരാണ് വന്യമൃഗ ആക്രണത്തിനിരയായി കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനതയ്ക്ക് വേണ്ടി ധീരതയോടെ പോരാടിയ മാത്യുകുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ നട്ടപ്പാതിരായ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റി.
എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടി മെതിച്ച ഈ അറസ്റ്റില്‍ ജാമ്യം അനുവദിച്ചത് അവര്‍ ഉയര്‍ത്തിയ വിഷയത്തോട് കോടതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ്. വന്യമൃഗ ആക്രമണം, സിദ്ധാര്‍ത്ഥിന്റെ കൊലപാതകം, ശമ്പളവും പെന്‍ഷനും മുടങ്ങിയത് ഉള്‍പ്പെടെയുള്ള ജനകീയ വിഷങ്ങളുടെ പ്രതിഷേധച്ചൂട് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണ് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടി.