കേരളത്തിന് എയിംസ് അടക്കമുള്ളവ അനുവദിക്കണമെന്നു കാട്ടി നല്‍കിയ നിവേദനത്തില്‍ അനുഭാവപൂര്‍ണമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 19 പ്രധാന ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിവേദത്തിലുണ്ടായിരുന്നത്. എയിംസ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച മുഖ്യമന്ത്രി, ഇതിനായി കോഴിക്കോട് ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ടം 2,577 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നഗരവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ 2015ല്‍ നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചതാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ സാമ്പത്തിക സഹായത്തിന് വേണ്ടി ഈ പദ്ധതി സമര്‍പ്പിച്ചിട്ടുള്ള കാര്യം പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ച മുഖ്യമന്ത്രി ഇതിന് വേഗത്തില്‍ അംഗീകാരം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ചെന്നൈ- ബംഗ്‌ലുരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം. ഫാക്ടില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള യൂറിയ പ്ലാന്റിന് വളം മന്ത്രാലയം ഫാക്ടിന്റെ 600 ഏക്കര്‍ സ്ഥലം 1200 കോടി രൂപ വിലക്ക് കേരളത്തിന് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എട്ടു ലക്ഷം ടണ്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് വളം മന്ത്രാലയത്തിന്റെ ഫണ്ട് ലഭിക്കണം.
ഫാക്ടിന്റെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്‍ കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് വേഗം അംഗീകാരം ലഭിക്കണം. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ കേരളം തയാറാണെന്നും മറ്റുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്. കൊച്ചി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി നിവേദത്തില്‍ ആവശ്യപ്പെട്ടു.