X

വിദേശ യാത്ര നീട്ടി മുഖ്യമന്ത്രി;നാളെ ദുബൈയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ദുബൈയിലേക്ക്.നോര്‍വെ, ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ചയാണ് മുഖ്യമന്ത്രി ദുബൈയില്‍ എത്തുക.ഇതോടെ മുഖ്യമന്ത്രി നാട്ടില്‍ എത്തുന്നത് വീണ്ടും വൈകും.നേരെത്തെ 12 ന് നാട്ടില്‍ എന്നാണ് പറഞ്ഞിരുന്നത്.മൂന്ന് ദിവസം യു.എ.ഇയിലുണ്ടാകുമെന്നാണ് വിവരം. 15ന് കേരളത്തിലെത്തും.

അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വിദേശയാത്ര വിവാദത്തില്‍. വിദേശയാത്രയെ ‘വിനോദയാത്ര’യെന്ന് പരിഹസിച്ചും ധൂര്‍ത്തിനെയും ആഡംബരത്തെയും ചോദ്യം ചെയ്തും പ്രതിപക്ഷം രംഗത്തെത്തിയതോടെ യാത്രയുടെ ലക്ഷ്യത്തെ കുറിച്ചുതന്നെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍കാല വിദേശയാത്രകളില്‍ നിന്ന് നാടിന് എന്ത് ഗുണമുണ്ടായെന്ന ചോദ്യം നിലനില്‍ക്കുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കഴിഞ്ഞ ആറരവര്‍ഷത്തിനിടെ ഒരു ഡസനിലേറെ വിദേശയാത്രയാണ് നടത്തിയത്. സര്‍ക്കാര്‍ ഖജനാവിലെ പണം പാഴായതല്ലാതെ സംസ്ഥാനത്തിന് യാതൊരു നേട്ടവുമുണ്ടായില്ല.

നെതര്‍ലാന്‍ഡില്‍ പോയപ്പോള്‍ ‘റൂം ഫോര്‍ റിവര്‍’ എന്ന ആശയം അറിഞ്ഞു മനസിലാക്കിയെന്നാണ് വിശദീകരണം. എന്നാല്‍ ഇതില്‍ നിന്ന് ഇതുവരെ നാടിനെന്ത് കിട്ടിയെന്ന ചോദ്യം ബാക്കിയാണ്. ഇപ്പോള്‍ കൊച്ചുമകനുള്‍പെടെ കുടുംബസമേതം നടത്തുന്ന യാത്ര തികച്ചും അനാവശ്യമെന്നാണ് പ്രതിപക്ഷം പറയുന്നത്. മുതലാളിത്ത രാജ്യങ്ങളെ എപ്പോഴും തള്ളിപ്പറയുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒരു മുഖ്യമന്ത്രി 2016 മുതല്‍ വിദേശയാത്ര നടത്തി മുതലാളിത്ത രാജ്യങ്ങളെല്ലാം കാണുകയാണെന്നാണ് മറ്റൊരു വിമര്‍ശനം. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി അത് മറച്ചുവെക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനം ഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരമൊരു യാത്ര എന്തിനാണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കുന്നത് പതിവ് മറുപടിയാണ്. മാതൃകകള്‍ കണ്ടുപഠിക്കാന്‍, നിക്ഷേപകരെ ആകര്‍ഷിക്കാന്‍, സംരംകരെ കണ്ടെത്താന്‍ എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ ആവര്‍ത്തിക്കുന്നു. ആറരവര്‍ഷത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി 85 തവണ വിദേശയാത്രകള്‍ നടത്തിയിരുന്നു. ഇതിലെല്ലാം ഇത്തരം വാഗ്ദാനങ്ങളുണ്ടായതല്ലാതെ യാതൊരു ഗുണവും കേരളത്തിന് ലഭിച്ചില്ല. 15 വിദേശയാത്രകളുമായി മുഖ്യമന്ത്രി തന്നെയാണ് മുന്നില്‍. 13 വിദേശയാത്രകളുമായി ഒന്നാം പിണറായി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് ഇതുവരെ രണ്ടാം സ്ഥാനം.

Test User: