സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. അസാധാരണ സന്നാഹങ്ങളോടെ ജനരോഷത്തിന് അണകെട്ടാന്‍ സര്‍ക്കാര്‍ പാടുപെടുകയും ചെയ്യുന്നു. മാര്‍ച്ചുകള്‍ നടത്തിയും കരിങ്കൊടി കാട്ടിയും പ്രതിപക്ഷം തെരുവിലിറങ്ങുമ്പോള്‍ ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തല്‍ മുറകളാണ് പിണറായി സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി എത്തുന്നിടത്തൊക്കെയും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പൊലീസ് വലയത്തില്‍ ഒളിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലോകത്ത് തനിക്ക് ഒന്നിനെയും പേടിയില്ലെന്ന് വീമ്പ് പറയാറുള്ള പിണറായി വിജയന്‍ ഇത്രയും ഭീരുവാണെന്ന് ജനം പ്രതീക്ഷിച്ചതല്ല. കുറച്ചു ദിവസമായി 40 അംഗ പൊലീസ് സംഘമാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്. ഓരോ ജില്ലകളിലും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ അകമ്പടി വാഹനങ്ങള്‍ വേറെയും. തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് പിണറായിയെ ഇത്രയും ക്ഷുഭിതനാക്കിയത്. അതിന്റെ കലിപ്പ് മുഴുവന്‍ തീര്‍ക്കുന്നത് നാട്ടുകാരോടും.
കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിയെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് കറുപ്പ് നിറമുള്ളതിനോടൊക്കെയും പേടി തോന്നിത്തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍നിന്ന് കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചവരെ പൊലീസ് അടിച്ചോടിക്കുകയാണ്. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് കറുത്ത മാസ്‌ക് അഴിച്ചുവെക്കേണ്ടിവന്നു. പകരം മഞ്ഞയും നീലയും നിറത്തിലുള്ള മാസ്‌കുകള്‍ നല്‍കി. കേരള ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ, ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ ഒളിച്ചോടുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ അനാവാശ്യ പരിഭ്രാന്തി പരത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിഫല ശ്രമങ്ങളാണ് നടക്കുന്നത്. വി.ഐ.പികള്‍ക്കുള്ള സുരക്ഷാ അകമ്പടി ഒഴിവാക്കണമെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യം എടുക്കുന്ന തീരുമാനം അതായിരിക്കുമെന്നും ബഹളംവെച്ചിരുന്ന ഒരു പാര്‍ട്ടിയുടെ നേതാവിന് ഇപ്പോള്‍ പൊലീസുകാരുടെ എണ്ണം തികയുന്നില്ല.
സുരക്ഷാ അകമ്പടിയോടെ പുറത്തിറങ്ങുന്നത് ഒരു ഭരണാധികാരിയുടെ മേന്മയല്ല. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം എത്ര മാത്രം അരക്ഷിതനും ഭയവിഹ്വലനുമാണെന്നതിന്റെ പ്രത്യക്ഷ വിളംബരമായി വേണം അതിനെ കാണാന്‍. കേരളത്തെപ്പോലൊരു സംസ്ഥാനത്ത് പ്രത്യേകിച്ചും ഒരാള്‍ക്ക് നിര്‍ഭയം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ കുഴപ്പം അയാളില്‍ തന്നെയാണ്. അകമ്പടി വാഹനങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെയും എണ്ണം കൂട്ടുന്നത് സ്വന്തം മേന്മക്ക് പകിട്ടുകൂട്ടുമെന്നൊരു തെറ്റിദ്ധാരണ പരക്കേയുണ്ട്. നാട്ടുകാരെ മുഴുവന്‍ മണിക്കൂറുകളോളം റോഡില്‍ തടഞ്ഞുനിര്‍ത്തി പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ ചീറിപ്പായുന്നത് ഗമയായി കാണുന്നവരും ധാരാളം. ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഘട്ടത്തിലാണല്ലോ ഒരു വ്യക്തിക്ക് സുരക്ഷാ വലയം ആവശ്യമാകുന്നത്. ഔദ്യോഗ തലപ്പത്തിരിക്കുമ്പോള്‍ പലപ്പോഴും അത് അനിവാര്യമാകും.
പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കിയാണെങ്കിലും ചിലര്‍ക്ക് സുരക്ഷയൊരുക്കാന്‍ രാജ്യം തയാറാവുകയും ചെയ്യുന്നു. പക്ഷെ, അത്തരം സൗകര്യങ്ങളെ ദുരുപയോഗം ചെയ്യാനും നാട്ടുകാരെ മുഴുവന്‍ അതിന്റെ പേരില്‍ വേട്ടയാടാനും ഒരാള്‍ ഇറങ്ങിത്തിരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആലോചിച്ചു നോക്കൂ. ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ജനങ്ങളെ മുഴുവന്‍ ബന്ദികളാക്കി രക്ഷപ്പെടുമെന്ന വ്യോമോഹം മുഖ്യമന്ത്രിക്ക് വേണ്ട. പഴയ രാജഭരണകൂടങ്ങളുടെ കാലം കഴിഞ്ഞ വിവരം പിണറായി അറിയാതിരിക്കില്ല. ഏകാധിപത്യ മനസുമായി നടക്കുന്ന അദ്ദേഹത്തിന് രാജാവായി വാഴാന്‍ ആഗ്രഹം കാണും. അതുകൊണ്ടാണ് നാട്ടുകാര്‍ തനിക്കുവേണ്ടി വഴിമാറി നടക്കണമെന്ന് വാശി പിടിക്കുന്നത്.