X

മുസ്്‌ലിം സംഘടനകളെ വഞ്ചിച്ച് മുഖ്യമന്ത്രി; വഖഫ് ബോര്‍ഡില്‍ ഇതര നിയമനം തുടങ്ങി

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്‌

സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തി മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്ന് നിയമനം തുടങ്ങി. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരനായി ഇന്നേവരെ മുസ്‌ലിംകളെ മാത്രമാണ് നിയമിച്ചിരുന്നത്. ഫയലുകളോ നയപരമായ ഇടപെടലുകളോ കൈകാര്യം ചെയ്യേണ്ടാത്ത സ്വീപ്പര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കുടുംബശ്രീ വഴി ജോലിക്കെടുക്കുന്നതു മാത്രമാണ് ഇതിന് അപവാദം. ഈ കീഴ് വഴക്കം മറികടന്നാണ് ഇതര മതവിഭാഗക്കാരെ വഖഫ് ബോര്‍ഡില്‍ നിയമിക്കുന്നത് തുടങ്ങിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പുതുതായി നിയമിതനായ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ നിയമിക്കാനാണ് ചെയര്‍മാന്‍ ടി.കെ ഹംസ അനുമതി നല്‍കിയത്. മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാലിന്റെ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന പി.ആര്‍ നൗഫലിനെ ഒഴിവാക്കിയ ഉത്തരവിലാണ് പുതിയ നിയമന അംഗീകാരം.

ഇക്കഴിഞ്ഞ 25ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മെമ്പര്‍മാരായ എം.സി മായിന്‍ ഹാജി, പി ഉബൈദുളള എം.എല്‍.എ, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ വിഷയം ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നിഷേധാത്മക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. പള്ളി ഉള്‍പ്പെടെയുളള വഖഫ് സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാന വിഹിതം ഉപയോഗിച്ചാണ് വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. രാജ്യത്തെ എല്ലാ വഖഫ് ബോര്‍ഡുകളിലും മുസ്‌ലിംകളെ മാത്രമെ ജീവനക്കാരായി നിയമിക്കുന്നുള്ളൂ.

വഖഫ് സംരക്ഷം ഉറപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 27/01/2016 ലെ G. O. Ms 58/2016/RD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച കേരള വഖഫ് ബോര്‍ഡ് റെഗുലേഷന്‍ 2016 അദ്ധ്യായം 4 ക്ലോസ് 5 (3)(5) പ്രകാരം മുസ്‌ലിം സമുദായത്തില്‍ പെട്ടവരെ മാത്രമേ വഖഫ് ബോര്‍ഡിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

എന്നാല്‍ പിണറായി സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2020 മാര്‍ച്ച് 20 ലെ G. O. (Ms) No. 112/2020/RD സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി റെഗുലേഷനില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം നിയമിക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥ നീക്കം ചെയ്തിരിക്കുന്നു. ഇത് മുസ്‌ലിം സമുദായത്തെ വഖ്ഫ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നിയമനം.

വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗിനു പുറമെ സമസ്ത, കെ. എന്‍.എം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ മതസംഘടനകളും ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് മുസ്‌ലിം സംഘടനകളുടെ അഭിപ്രായം മാനിക്കുമെന്ന് മുഖ്യമന്ത്രി യോഗം വിളിച്ച് ഉറപ്പു നല്‍കിയത്.

ദൈവപ്രീതി കാംക്ഷിച്ച് അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വഖഫ് വസ്തുക്കള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വഖഫ് ബോര്‍ഡില്‍ മുസ്‌ലിം മതസ്തരല്ലാത്തവര്‍ കടന്ന് വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു മുസ്‌ലിംലീഗും മുസ്‌ലിം സംഘടനകളും സംയുക്തമായി ശബ്ദമുയര്‍ത്തിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നടപ്പിലാക്കിയിട്ടില്ലാത്ത നിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ നിയമസഭയിലും ബോര്‍ഡ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗത്തിലും ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.

Test User: