കോഴിക്കോട്: സി.എം അറ്റ് ക്യാംപസ് പരിപാടിക്ക് സെന്‍സറിങ് ഏര്‍പെടുത്തി അധികൃതര്‍. പരിപാടിയില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതരുടെ നിര്‍ദേശം.
പി.എസ്.സി നിയമനം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ ചോദ്യങ്ങള്‍ വേണ്ടെന്നും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം. സര്‍വ്വകലാശാല വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയുമായി സ്വതന്ത്രമായി സംവദിക്കാനുള്ള അവസരം നഷ്ടമാവുകയാണ് വിദ്യാര്‍ത്ഥികള്‍ക്ക്.
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. അതില്‍ തന്നെ ചോദിക്കാനുള്ള കാര്യങ്ങള്‍ നേരത്തെ എഴുതി നല്‍കുകയും വേണം. എന്തൊക്കെയാണ് ചോദിക്കേണ്ടത് എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പെടെ അതിനപ്പുറത്തുള്ള ചോദ്യങ്ങള്‍ വേണ്ട എന്ന നിലക്കുളളതാണ് അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍. കഴിഞ്ഞ ദിവസം പി.എസ്.സി നിയമനവും അനധകൃത നിയമനവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. 14ാം തിയ്യതിയാണ് സംവാദ പരിപാടി വെച്ചിരിക്കുന്നത്.