X

ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന-എഡിറ്റോറിയല്‍

പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്ക് ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടിയായി വേണം ഉപതിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താന്‍. സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പുതുതായി പിടിച്ചെടുത്ത എട്ട് വാര്‍ഡുകളടക്കം 16 വാര്‍ഡുകളിലാണ് യു.ഡി.എഫ് വിജയം കൊയ്തത്. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍, 20 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളിലായിരുന്നു തിരഞ്ഞെടുപ്പ്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ്, എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാര്‍ഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാര്‍ഡ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍ പഞ്ചായത്ത് മഞ്ഞപ്പാറ വാര്‍ഡ്, തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ ഡിവിഷന്‍, ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാര്‍ഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡ്, ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാര്‍ഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. പാണ്ടനാട് വാര്‍ഡ് ബി.ജെ.പിയില്‍നിന്നും മറ്റുള്ളവ എല്‍.ഡി.എഫില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
ജനങ്ങളെ പാടേ മറന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാറില്‍ നിന്നുണ്ടാവുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും പരിഹാരം കാണാതെ മുഖ്യമന്ത്രിയും മന്ത്രിമാരും സുഖലോലുപരായി കഴിയുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഖജനാവ് കാലിയാണെന്ന റിപ്പോര്‍ട്ട് വരുമ്പോഴും അവര്‍ വിദേശ രാജ്യങ്ങളില്‍ ഉല്ലാസ യാത്ര നടത്തുകയായിരുന്നു. ജനങ്ങളിവിടെ ജീവിക്കാന്‍ പെടാപാട് പെടുമ്പോഴാണ് മക്കളും ചെറുമക്കളുമായി വിദേശ രാജ്യങ്ങളില്‍ വിനോദയാത്ര പോയത്. ഒരു നേരത്തെ അന്നത്തിന് വക കണ്ടെത്താന്‍ മാര്‍ഗമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് പാവപ്പെട്ട ജനങ്ങള്‍. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ വിലക്കയറ്റമാണ്. അരിവില താങ്ങാവുന്നതിലും അപ്പുറമെത്തിയിട്ട് നാളുകളായെങ്കിലും സര്‍ക്കാര്‍ അനങ്ങുന്ന മട്ടില്ല. പച്ചക്കറി വിലയും വര്‍ധനവിന്റെ അങ്ങേത്തലക്കലാണ്. മറ്റ് അവശ്യവസ്തുക്കള്‍ക്കും തീ വിലയാണ്. വിപണിയിലിടപെടാനോ വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ നടപടികളെടുക്കാനോ സര്‍ക്കാറിന് നേരമില്ല.

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് കേള്‍പ്പിക്കാത്ത പഴിയില്ല. പൊലീസുകാര്‍ പാവപ്പെട്ട ജനങ്ങളുടെ മുതുകത്ത് ചവിട്ടിയാണ് നടക്കുന്നത്. മാങ്ങ മുതല്‍ സ്വര്‍ണം വരെ മോഷ്ടിക്കുന്ന പൊലീസുകാരെ ആദ്യമായാണ് സംസ്ഥാനം കാണുന്നത്. പരാതി കൊടുക്കാന്‍പോലും പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. കുട്ടികളുടെ മുന്നിലിട്ട് സ്ത്രീയെ വലിച്ചുകൊണ്ടുപോയ പൊലീസുള്ള നാട്ടില്‍ പട്ടാളക്കാരനുപോലും മൂന്നാം മുറ ഏല്‍ക്കേണ്ടിവന്നു. മയക്കുമരുന്നും ഇതര ലഹരി വസ്തുക്കളും വ്യാപകമായി. മദ്യം ഒഴുകുകയാണ് നാട്ടില്‍.

യുവാക്കള്‍ തൊഴിലില്ലാതെ അലയുകയാണ്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ എന്തെങ്കിലുമൊരു തൊഴിലിന് പരക്കംപായുമ്പോള്‍ ഉള്ള തൊഴിലവസരങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ പണയം വെക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ ഭരണത്തില്‍ സി.പി.എം നേതാക്കള്‍ക്കും മക്കള്‍ക്കും മാത്രമേ തൊഴില്‍ ലഭിക്കു എന്ന അവസ്ഥയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ കണ്ടത് ഇതിന്റെ അവസാനത്തെ തെളിവാണ്. പുറത്തറിഞ്ഞതും അറിയാത്തതുമായി നിരവധി സംഭവങ്ങള്‍ വേറെയും. ഇതിനെല്ലാം സര്‍ക്കാറിനോട് പകരം ചോദിക്കാന്‍ അവസരം നോക്കിനില്‍ക്കുകയായിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് കടന്നുവന്നത്. ആ അവസരം അവര്‍ നന്നായി ഉപയോഗിച്ചു എന്നു വേണം കരുതാന്‍. അടിമുടി മടുത്തിരിക്കുന്ന ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതിലും നല്ല ആയുധം വേറെയില്ലല്ലൊ. ഇടതുപക്ഷം ജയിച്ച പല വാര്‍ഡിലും ഭൂരിപക്ഷം നന്നേ കുറഞ്ഞു എന്ന വസ്തുതയും കാണാതിരുന്നുകൂടാ. സാങ്കേതികമായി ജയിച്ചുകയറി എന്നു മാത്രം. പക്ഷേ സര്‍ക്കാരിപ്പോഴും ഗവര്‍ണറുമായി കണ്ണുപൊത്തിക്കളി കളിക്കുകയാണ്. ഈ വഴക്കില്‍ ജനങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് അറിയണം. അവര്‍ക്ക് ഓരോ ദിവസവും എങ്ങനെ തള്ളിനീക്കണമെന്ന ചിന്ത മാത്രമേയുള്ളു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഗണന കൊടുക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. അല്ലെങ്കില്‍ സഹികെട്ട് ജനങ്ങള്‍ തന്നെ സര്‍ക്കാറിനെ താഴെയിറക്കാന്‍ തയാറെടുക്കുമെന്ന സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

Test User: