പാരീസ്: പാരീസ് സെന്റ് ജര്‍മയ്‌നില്‍ നിന്നും സീസണിന്റെ അവസാനത്തോടെ പടിയിറങ്ങുമെന്ന് ഉറപ്പിച്ച അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു മുന്നില്‍ വാതില്‍ തുറന്നിട്ട് ക്ലബ്ബുകള്‍. 35കാരനായ മെസിക്കായി സഊദി ക്ലബ്ബ് അല്‍ഹിലാല്‍, ബാഴ്‌സിലോണ, അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമി എന്നിവരാണ് കാത്തിരിക്കുന്നത്. സീസണോടെ ക്ലബ്ബിന്റെ പടിയിറങ്ങുമെന്ന് ഏഴു തവണ ബാലന്‍ഡിഓര്‍ പുരസ്‌കാര ജേതാവായ ലയണല്‍ മെസി ലീഗ് വണ്‍ മുന്‍നിരക്കാരായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ട്. ഡിസംബറില്‍ ഖത്തറില്‍ നിന്നും ലോകകപ്പുമായി മടങ്ങിയതോടെ മെസി പി.എസ്.ജിയില്‍ തന്നെ തുടരുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അനുമതി ഇല്ലാതെ സഊദി സന്ദര്‍ശിച്ചതിന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് വിലക്കിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
ഇതോടെ തന്റെ മകന്‍ പാരീസ് വിടുമെന്ന് മെസിയുടെ പിതാവ് ജോര്‍ജെ മെസി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. സഊദി ക്ലബ്ബ് അല്‍ഹിലാലിനും മെസിയുടെ മുന്‍ ക്ലബ്ബായ ബാഴ്‌സിലോണയ്ക്കും പിന്നാലെ അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയും താരത്തിനായി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അര്‍ജന്റീനിയന്‍ താരത്തെ ക്ലബ്ബിലെത്തിക്കുന്നതിനായി നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ച മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മയാമിയുടെ പ്രതിനിധികള്‍ ലോകകപ്പിനിടെ മെസിയുടെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതായും മെസിയെ ക്ലബ്ബിലെത്തിക്കാമെന്ന ആത്മവിശ്വാസം മയാമിക്കുണ്ടെന്നുമാണ് ദി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം സഊദി ക്ലബ്ബ് വന്‍ തുക വാഗ്ദാനം ചെയ്യുകയാണെങ്കില്‍ ഇതുമായി മത്സരിക്കാന്‍ മയാമി തയാറാവില്ലെന്നും എന്നാല്‍ മെസിയുടെ കുടുംബത്തിന് കുറേക്കൂടി എളുപ്പം അമേരിക്കയാവുമെന്നതിനാല്‍ അദ്ദേഹം മയാമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മെസി കുടുംബത്തിന് നിലവില്‍ അവധിക്കാല വസതി അമേരിക്കയിലുണ്ട്. അര്‍ജന്റീനയുടെ നിക്കോളാസ് സ്റ്റെഫാനെല്ലി, ഫ്രാങ്കോ നെഗ്രി, ബ്രസീലിയന്‍ താരം യീന്‍ മോട്ട, വെനസ്വേലയുടെ ജോസഫ് മാര്‍ട്ടിനസ് എനനിവര്‍ എം.എസ്. എല്‍ ക്ലബ്ബില്‍ കളിക്കുന്നുണ്ട്. മെസിയെ ടീമിലെടുക്കുന്നതിന് അനുകൂലമായാണ് ഇന്റര്‍ മയാമി കോച്ച് ഫില്‍ നെവിലും പ്രതികരിച്ചത്. തങ്ങള്‍ ഓരോ ദിവസവും മികച്ച കളിക്കാരെ എത്തിക്കുന്നതിനായാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എല്‍ കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബറും മെസിയെ പോലൊരു താരെത്ത ലീഗിലെത്തിക്കുന്നത് എന്തു കൊണ്ടും ഗുണം ചെയ്യുമെന്ന പക്ഷക്കാരനാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രത്യേകതയുള്ള കളിക്കാരനെ കുറിച്ചാണ് സംസാരിക്കുന്നത്. മയാമിയുമായി ചേര്‍ത്ത് പറയുമ്പോള്‍ അത് വലിയ കാര്യം തന്നെയാണ് ഗാര്‍ബര്‍ പറഞ്ഞു. മെസിക്കും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും പ്രതീക്ഷയ്‌ക്കൊത്ത പദ്ധതി തങ്ങള്‍ തയാറാക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാഴ്‌സയും മെസിക്കായി വാതില്‍ തുറന്നിടുമെന്നാണ് സൂചന. 17 വര്‍ഷം മെസി കളിച്ച ക്ലബ്ബിലേക്ക് അദ്ദേഹത്തിന് തിരികെ വരാനായി ധനകാര്യ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. അല്‍ഹിലാലിനും മയാമിക്കും പിന്നിലായി മൂന്നാമത്തെ ചോയ്‌സായി മാത്രമേ മെസി ബാഴ്‌സയെ പരിഗണിക്കൂ എന്നാണ് വിവരം. അതേ സമയം സഊദി പ്രോ ലീഗ് ക്ലബ്ബ് വര്‍ഷം 2862.61 കോടി രൂപയാണ് മെസിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെ സഊദിയുടെ ടൂറിസം അംബാസഡറാണ് നിലവില്‍ മെസി. 256.96 കോടി രൂപയുടെ വാര്‍ഷിക പാക്കേജാണ് സഊദി മെസിക്ക് നല്‍കുന്നത്. ഇതാണ് അനധികൃത സന്ദര്‍ശനത്തിലേക്ക് മെസിയെ നയിച്ചതും.