X

മുഹമ്മദ് നബി(സ) സമ്മാനിച്ച വസ്ത്രങ്ങള്‍ കാണാന്‍ തുര്‍ക്കിയില്‍ വന്‍ തിരക്ക്

ഇസ്തംബുള്‍: പ്രവാചകന്‍ മുഹമ്മദ് നബി(സ) സമ്മാനിച്ച വസ്ത്രങ്ങള്‍ കാണാന്‍ തുര്‍ക്കിയില്‍
വന്‍ തിരക്ക്.

യെമനിലെ ഉവൈസ് അല്‍ഖുറാനിയെന്ന വ്യക്തിക്ക് പ്രവാചകന്‍ പാരിതോഷികമായി നല്‍കിയ വസ്ത്രങ്ങളാണ് തുര്‍ക്കിയില്‍ പ്രദര്‍ശനത്തിന് വെച്ചത്.

17-ാം നൂറ്റാണ്ടിലാണ് വസ്ത്രങ്ങള്‍ ഇസ്തംബുളിലെത്തിച്ചത്. 18-ാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് പള്ളി പണിത് ഇവ അവിടെ സൂക്ഷിച്ചു. ഈ പുണ്യ വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി എല്ലാവര്‍ഷവും റമസാന്‍ മാസത്തില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു ആളുകള്‍ എത്താറുണ്ടെങ്കിലും ഇത്തവണ തുര്‍ക്കികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി Rassd.com റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രങ്ങളില്‍ ഒന്ന് ഇപ്പോഴും ഉവൈസ് അല്‍ഖുറാനിയുടെ 59-ാം തലമുറയിലെ പാരിഷ് സമീറിന്റെ കൈവശമാണുള്ളത്.

ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം ഉവൈസിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബിയെ നേരിട്ട് കാണാതെ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടര്‍ന്ന വ്യക്തിയായിരുന്നു ഉവൈസി.

പ്രവാചകനെ കാണാനായി മക്കയിലേക്ക് പുറപ്പെട്ടെങ്കിലും അസുഖബാധിതയായ ഉമ്മയുടെ നില ഗുരുതരമായതോടെ ഉവൈസി യാത്ര ഉപേക്ഷിച്ചു. അക്കാര്യം ദൂതര്‍ വഴി ഉവൈസി പ്രവാചകനെ അറിയിച്ചു.

ഉമ്മയോടുള്ള കടമ നിറവേറ്റിയ ഉവൈസിക്ക് സമ്മാനമായി പ്രവാചകന്‍ വസ്ത്രങ്ങള്‍ കൊടുത്തുവിടുകയായിരുന്നു. മാതാവിനെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ഉവൈസിക്ക് അല്ലാഹുവില്‍ നിന്ന് കാരുണ്യം ലഭിക്കുമെന്ന സന്ദേശവും ദൂതര്‍ക്കു പ്രവാചകന്‍ കൈമാറിയിരുന്നു.

chandrika: