ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് 14,000ത്തിലേറെ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ഗവേഷണ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ ഭൂമിയുടെ അമിത ചൂഷണം തടയുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായും ബയോസയന്‍സ് ജേണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തില്‍ അവര്‍ പറയുന്നു. മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങല്‍ നീങ്ങുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരിതങ്ങളും ദുരന്തങ്ങളും ഭൂമിയെ നിരന്തരം വേട്ടയാടുന്നുണ്ട്. ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിനാശകാരമായ ചുഴലിക്കാറ്റുകളും ഓസ്‌ട്രേലിയയിലേയും അമേരിക്കയിലെയും കാട്ടുതീകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന പ്രളയങ്ങളുമെല്ലാം കാലാവസ്ഥാ വ്യതിനായത്തിന്റെ പ്രത്യാഘാതങ്ങളാണ്. വനശീകരണം, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍, മഞ്ഞുപാളികളുടെ ഉരുക്കം തുടങ്ങിയ 31 ഘടകങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.
കോവിഡ് തടയാനുള്ള ലോക്ക്ഡൗണുകളെ തുടര്‍ന്ന് മലിനീകരണം ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മീഥൈനിന്റെയും അളവ് ഉയര്‍ന്നു നില്‍ക്കുകയാണ്. 15 വര്‍ഷം മുമ്പത്തേതിനെക്കാള്‍ 31 ശതമാനം വേഗത്തിലാണ് അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും മഞ്ഞുപാളികള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. സമുദ്ര താപനവും കടല്‍ ജല നിരപ്പും കൂടിക്കൊണ്ടിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണകൂടങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു.