ദുബൈ: മൂടല്‍ മഞ്ഞ് ഉള്‍പ്പെടെ പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാനുള്ള നൂതന സംവിധാനം അബുദാബി പൊലീസ് ആരംഭിച്ചു. മുന്‍കരുതല്‍ സ്വീകരിക്കാനുള്ള സന്ദേശമാണ് കൈമാറുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ പത്തു വരെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന വിവരം കൈമാറിയാണ് പദ്ധതി ആരംഭിച്ചത്. ദൂരക്കാഴ്ച 1,000 മീറ്ററില്‍ കുറയുമെന്നും അറിയിച്ചിരുന്നു.
മൂടല്‍ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റം സംബന്ധിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എസ്എംഎസ് അയക്കുകയാണ് ചെയ്തത്. റോഡില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബോര്‍ഡിലൂടെയും വിവരം കൈമാറും. ഇതുമൂലം വാഹനാപകടം ഗണ്യമായി കുറക്കാനും സാധിച്ചു. നൂതന സംവിധാനമുള്ള സ്മാര്‍ട്ട് ടവറുമായി റോഡിലെ കാമറ, വേഗ നിയന്ത്രണ ഉപകരണം, ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവി എന്നിവ ബന്ധപ്പെടുത്തിയാണ് മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ടവറിലെ സെന്‍സറാണ് കാലാവസ്ഥാ വ്യതിയാനം നിരീക്ഷിച്ച് കണ്‍ട്രോള്‍ സെന്ററിന് കൈമാറുന്നത്. എപ്പോള്‍ ഏത് ഭാഗത്ത് നിന്ന് ആരംഭിച്ച് ഏതൊക്കെ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന വിവരങ്ങള്‍ കൈമാറും. ഇതോടെ, പൊലീസ് സന്ദേശം ജനങ്ങളിലെത്തിക്കും. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ അബുദാബി പൊലീസ് ശില്‍പശാലയും നടത്തിയിരുന്നു.
മഞ്ഞുവീഴ്ചയുള്ളപ്പോള്‍ വേഗം കുറച്ച് വാഹനം ഓടിക്കണം. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളില്‍ ഓവര്‍ ടേക്കിങോ ലെയ്ന്‍ മാറ്റമോ പാടില്ല. പരസ്പരം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാല്‍ വാഹനം റോഡില്‍ നിന്നും മാറി നിര്‍ത്തിയിട്ട ശേഷം ഹസാര്‍ഡ് ലൈറ്റിടുകയാണ് വേണ്ടതെന്നും പൊലീസ് ഓര്‍മിപ്പിച്ചു.