X

പ്രകൃതിക്ഷോഭ സാധ്യത; പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേക ഗ്രാമസഭകളും വാര്‍ധഡ്‌സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കരുതല്‍ നടപടികള്‍ ഉറപ്പാക്കി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍, വന്‍ നദീതീരങ്ങള്‍, 2018 ലെയും 2019 ലെയും പ്രകൃതിക്ഷോഭ മേഖലകള്‍, പാരിസ്ഥിതിക പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കരുതല്‍ നടപടികളും ദീര്‍ഘകാല പദ്ധതികളും ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കാന്‍ ഗ്രാമസഭയിലെ ചര്‍ച്ചകള്‍ക്ക് കഴിയും.
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹന്‍ കുമാര്‍, പി. മോഹനദാസ് എന്നിവര്‍ കവളപ്പാറയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കിയ ഉത്തരവിലേതാണ് നിര്‍ദ്ദേശം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആറുകളിലും നദികളിലും തോടുകളിലും അടിഞ്ഞ് കൂടിയ മണ്ണ്, മണല്‍, പാറ, വൃക്ഷങ്ങള്‍ എന്നിവ മാറ്റി വെള്ളത്തിന്റെ സ്വാഭാവിക ഗതിയും ഒഴുക്കും പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം.
ദുരിത ബാധിതര്‍ക്ക് അനുവദിച്ച അടിയന്തിരധന സഹായം അപര്യാപ്തമാണെന്ന പരാതി പരിഗണിച്ച് ധനസഹായം വര്‍ധിപ്പിക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ കാണാതായവരുടെയും മരിച്ചവരുടെയും അവകാശികള്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ദുരന്തബാധിതരെ പാരിസ്ഥിതിക അപകടമേഖല ഒഴിവാക്കി പുനരധിവസിപ്പിക്കണം. പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ പകരം സ്ഥലം നല്‍കണം.
കാര്‍ഷിക വിളകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ജീവനോപാധികള്‍, കന്നുകാലികള്‍, മറ്റ് വളര്‍ത്തു മൃഗങ്ങള്‍ എന്നിവ ഉരുള്‍ പൊട്ടലില്‍ നഷ്ടപ്പെട്ടവര്‍ക്ക് കമ്പോള വില കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. ഉരുള്‍പൊട്ടലില്‍ നശിച്ച റോഡുകള്‍, പാലങ്ങള്‍, പൊതു സംവിധാനങ്ങള്‍ മുതലായവ പൂര്‍വസ്ഥിതിയിലാക്കണം. മരിച്ചവര്‍, കാണാതായവര്‍, ദുരിത ബാധിതര്‍ എന്നിവരുടെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് മാനസികാശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ കൗണ്‍സിലിംഗ് ഏര്‍പ്പാടാക്കണം. സൗജന്യ നിയമസഹായം ദുരിത ബാധിതര്‍ക്ക് ഉറപ്പാക്കണം.
ആദിവാസി മേഖലയില്‍ 2019 ഓഗസ്റ്റ് 8 ന് മുമ്പുള്ള റവന്യൂ, മരാമത്ത്, പഞ്ചായത്ത് സംവിധാനങ്ങള്‍ അടിയന്തിരമായി പുന:സ്ഥാപിക്കണം. ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ പ്രാദേശിക അറിവ് സംയോജിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ പാര്‍പ്പിട പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കവളപ്പാറയില്‍ കാണാതായവരുടെ അവകാശികള്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ആനുകൂല്യങ്ങള്‍ എത്രയും വേഗം വിതരണം ചെയ്യണം. ഉരുള്‍പൊട്ടലില്‍ നഷ്ടമായ ആധാര്‍ കാര്‍ഡുകള്‍, ഭൂമി സംബന്ധമായ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കേറ്റുകള്‍ തുടങ്ങിയവയുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പാടാക്കണം. ഇതിനായി കലക്ടര്‍ അധ്യക്ഷനായി പ്രത്യേക സംവിധാനം രൂപീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

chandrika: