ശംസുദ്ദീന്‍ വാത്യേടത്ത്
പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കാലാവസ്ഥാ വ്യതിയാനം ഇനിയും കാര്യമായി കണ്ടില്ലെങ്കില്‍ അപകടമാണെന്ന പ്രൊഫ. ജോണ്‍ ബ്രിട്ടന്റെ മുന്നറിയിപ്പും അവഗണിച്ചതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുകയാണ് കേരളം. ലോക രാജ്യങ്ങളില്‍ പലയിടത്തും അന്തരീക്ഷത്തിലെ ഇപ്പോഴത്തെ കാര്‍ബണിന്റെ അളവ് കണക്കിലെടുത്ത് അടുത്ത 25 വര്‍ഷം പ്രളയത്തിന്റെയും വരള്‍ച്ചയുടേതും ആകുമെന്നും അനന്തരഫലം ഭയാനകരമായിരിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോണ്‍ ബ്രിട്ടണ്‍ 2010 ലാണ് മുന്നറിയിപ്പ് നല്‍കിയത്. പ്രപഞ്ചത്തിന് ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണുള്ളത്. പഞ്ചഭൂതങ്ങള്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഇവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍കൂടിയാണ് ഭൂമിയില്‍ കാണുന്ന മനുഷ്യര്‍, പക്ഷിമൃഗാദികള്‍, വൃക്ഷലതാദികള്‍, ഏകകോശ ജീവികള്‍, ബാക്ടീരിയകള്‍, പ്രാണികള്‍, കൃമികീടങ്ങള്‍ എല്ലാം നിലനില്‍ക്കുന്നത്. പഞ്ചഭൂതങ്ങള്‍ ശരിയായ അളവില്‍ ഉള്‍ക്കൊള്ളുക എന്നതാണ് പ്രകൃതി നിയമം. പ്രകൃതിസംരക്ഷണം ജീവന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ്. പ്രകൃതി നിയമത്തില്‍ അപാകത പരിസ്ഥിതി ആവാസ വ്യവസ്ഥയെതന്നെ താളംതെറ്റിക്കും. ഇത്മൂലം വന്‍ ദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ജോണ്‍ ബ്രിട്ടന്റെ മുന്നറിയിപ്പിന്റെ ചുരുക്കം. കാര്‍ബണ്‍ പാളിയുടെ ഭാരം ഭൂമിക്ക് ശ്വാസംമുട്ടിക്കുന്ന അവസ്ഥയാണെന്നും ഊഷ്മാവിന്റെ വ്യതിയാനവും മഴയുടെ തോത് കുറവും ആഗോള താപമാനനില വര്‍ധിക്കാനുള്ള കാരണമാണെന്നും രണ്ട് ഡിഗ്രി സെല്‍ഷ്യസ് എങ്കിലും താപനില കുറയ്ക്കാനുള്ള ശ്രമം ഒന്നിച്ച് എല്ലാ രാജ്യങ്ങളും എടുക്കണമെന്നുമാണ് മുന്നറിയിപ്പിന്റെ കാതല്‍. അതല്ലെങ്കില്‍ പ്രളയവും വരള്‍ച്ചയും പേമാരിയുംകൊണ്ട് ജീവജാലങ്ങള്‍ പൊറുതിമുട്ടും. കടലുകള്‍ കലി ഇളകി കരയെ കവര്‍ന്നെടുക്കും.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളുടെ പെരുപ്പവും കാര്‍ബണ്‍ വര്‍ധിക്കാന്‍ മറ്റ് കാരണങ്ങളായിരിക്കും എന്ന മുന്നറിയിപ്പ് 2018ലെ പ്രളയത്തോടെ കേരളം നേരിട്ട് അനുഭവിച്ച് തുടങ്ങി. ഈ ദുരന്തങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് 2011 ലെ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ വിദഗ്ധ സമിതി കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ അവസ്ഥ കൂടുതല്‍ അപകടകരമാണ്. അതിന് പ്രധാന കാരണം കേരളത്തിന്റെ ആകാശത്ത് കുന്നുകൂടിയ കാര്‍ബന്റെ അളവ് വലുതാണ് എന്നതാണ്. കേരളത്തിലെ താപനില നാ ല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പും പറയുന്നു. വാഹനങ്ങള്‍ കേരളത്തില്‍ 1988ല്‍ 10 ലക്ഷത്തില്‍ താഴെയായിരുന്നത് ഇന്ന് 1,41,84,250 ആയി വര്‍ധിച്ചു. 10.7 ശതമാനം വാഹനവര്‍ധനവ് പ്രതിവര്‍ഷം ഉണ്ടാവുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ കുറയ്ക്കുന്നതിന് ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന ഉടമ്പടിയായ ക്യോട്ടോ പ്രൊട്ടോക്കോളില്‍, ഒപ്പ്‌വെച്ച 191 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 1997 ഡിസംബര്‍ 11 ന് ജപ്പാനിലെ ക്യോട്ടോയില്‍ രൂപീകരിച്ച ഉടമ്പടി അനുസരിച്ച് രാജ്യങ്ങള്‍ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോത് കുറയ്ക്കണം. കൂടാതെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കുറയ്ക്കാനും ലക്ഷ്യംവയ്ക്കുന്ന പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്പകരം, ഏറ്റവും വലിയ ലംഘനം നടക്കുന്നത് കേരളത്തിലാണ് എന്ന് പറയാതെ വയ്യ.
നഗരമാലിന്യത്തിലെ, അജൈവ വസ്തുക്കള്‍ കത്തിക്കുന്നത് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അനുവദിക്കില്ല. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ വസ്തുക്കള്‍ കത്തിക്കുന്നു. ഇവയുടെ പുകയില്‍നിന്നു വരുന്ന കാര്‍ബണ്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഉണ്ടാക്കിയ വ്യതിയാനം ചെറുതല്ല. പരിസ്ഥിതിയില്‍ ഉണ്ടാവുന്ന വ്യതിയാനം കേരളത്തിലെ ജീവികളിലും സസ്യങ്ങളിലും പ്രത്യക്ഷത്തില്‍തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി കാണാനാവും. എല്ലാവര്‍ഷവും ഫെബ്രുവരി ഒടുവില്‍മാത്രം പൂത്തു തുടങ്ങുന്ന കണിക്കൊന്ന ഏപ്രില്‍ വിഷുവിന് ഉപയോഗിക്കാന്‍ തരത്തില്‍ സമൃദ്ധമായി പൂത്തിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി കണിക്കൊന്ന ഡിസംബറിന് മുമ്പുതന്നെ പൂക്കുന്നു. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ദൃഷ്ടാന്തമാണെന്ന് വിദഗ്ധര്‍ പറയുന്നു.
സ്ത്രീകളിലും പുരുഷന്‍മാരിലും ഏറ്റവും കൂടുതല്‍ വന്ധ്യതയുള്ളത് കേരളത്തിലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വന്ധ്യതാനിവാരണ ആശുപത്രികള്‍ കേരളത്തില്‍ ധാരാളമായി വര്‍ധിച്ചിട്ടുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ കാലാവസ്ഥാ വ്യതിയാനമാണ് കൂടുതലായി വന്ധ്യതക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രം അത് തെളിയിച്ച് കഴിഞ്ഞു. കുട്ടികള്‍ ഇല്ലാതെ വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒടുവില്‍ ഭര്‍ത്താവിനൊപ്പം വിദേശ രാജ്യങ്ങളില്‍ താമസിച്ച് ഗര്‍ഭിണിയായി നാട്ടില്‍ വരുന്ന സ്ത്രീകളില്‍ പലര്‍ക്കും നാട്ടിലെത്തുമ്പോള്‍ ഗര്‍ഭം അലസുന്ന രീതി വര്‍ധിച്ചു കൊണ്ടിരിക്കുന്നതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് ഉള്‍ക്കൊള്ളാന്‍ ഗര്‍ഭിണികള്‍ക്ക് കഴിയില്ലെന്ന കണക്കും ശ്രദ്ധേയമാണ്.
പ്രളയം, ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ നേരില്‍ കണ്ടു. ഇനി വരള്‍ച്ചയുടെ ദുരന്തംകൂടി കേരളം കാണേണ്ടി വരും. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍, അതിനെതിരെ ഉറഞ്ഞ് തുള്ളി സമരം നടത്തി, പരിസ്ഥിതി സംരക്ഷിക്കുന്നത് തടഞ്ഞവര്‍ പ്രളയം അടക്കമുള്ള ദുരന്തം വന്നപ്പോഴും കേരളത്തിന്റെ കാലാവസ്ഥ ഘടനയില്‍ ഉണ്ടായ കാതലായ മാറ്റങ്ങളെ എങ്ങിനെ സമീപിക്കണമെന്ന് ഗൗരവമായി ചിന്തിക്കുന്നില്ല എന്നതാണ് സത്യം. അതു കൊണ്ട്തന്നെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മലകള്‍ ഇടിച്ചും കാട് വെട്ടിത്തെളിയിച്ചു മരങ്ങള്‍ മുറിച്ചും തണ്ണീര്‍തടങ്ങള്‍ നികത്തിയും പുഴയയും കായലും തോടുകളും കുളങ്ങളും നശിപ്പിച്ചും കച്ചവടം നടത്തുന്ന കുത്തക മുതലാളിമാര്‍ക്ക് ആവശ്യമായ സഹായങ്ങളാണ് ഇന്നും ചെയ്ത്‌കൊണ്ടിരിക്കുന്നത്. മുന്നറിയിപ്പുകള്‍ അവഗണിക്കാതെ പരിസ്ഥിതി സംരക്ഷിക്കാന്‍ ചെയ്യാവുന്നത് ചെയ്താല്‍ മാത്രമേ ഇനി കേരളത്തിന് നിലനില്‍പ്പുള്ളൂ.