സ്റ്റോക്ഹോം: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബിഡെന് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണെന്ന് പറഞ്ഞ ഗ്രെറ്റ, ജോ ബിഡനെ തെരഞ്ഞെടുക്കാന്‍ യുഎസ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു 17 കാരിയുടെ അഭ്യര്‍ത്ഥന.
‘ഞാന്‍ ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. എന്നാല്‍ വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്. അതിനാല്‍ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്, വോട്ട് ചെയ്യേണ്ടത്’, ഗ്രെറ്റ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് യുഎസ് നിര്‍ണായകമാണെന്നും ബിഡെനാണ് ജയിക്കേണ്ടതെന്നും ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രെറ്റയുടെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുച്ഛിച്ച് തള്ളിയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ലോക നേതാക്കളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ഗ്രെറ്റയെ ട്രംപ് പരിഹസിച്ചിരുന്നു.
ഉച്ചകോടിയില്‍ നടത്തിയ ഗ്രെറ്റയുടെ വൈകാരിക പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നടത്തിയ ട്വീറ്റിലായിരുന്നു ട്രംപിന്റെ പരിഹാസം. ഗ്രെറ്റ തന്റെ ദേഷ്യം നിയന്ത്രിക്കണമെന്നും സുഹൃത്തിനൊപ്പം സിനിമ കാണാന്‍ പോകണമെന്നും ട്രംപ് കളിയാക്കി.
അതേസമയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്യുന്ന ഗ്രേറ്റയെ പിന്തുണയ്ക്കുന്നെന്നായിരുന്നു ബിഡെന്‍ പറഞ്ഞിരുന്നത്. നേരത്തെ അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാഗസിനായ സയന്റിഫിക് അമേരിക്കനും ബൈഡന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.