X

അന്നത്തെ നീന്തല്‍ക്കുളവും ഇന്നത്തെ ലിഫ്റ്റും

കടുംവെട്ട്– സുഗുണന്‍

ക്ലിഫ്ഹൗസ് അങ്ങനെ വാര്‍ത്തകളില്‍ മായാതെ നിലനില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ സെക്യൂരിറ്റിക്കാരന്റെ തോക്കില്‍നിന്ന് വെടിപൊട്ടിയതാണ് വാര്‍ത്ത. തോക്കിനകത്ത് വെടിയുണ്ടയുണ്ടായിരുന്നുവെന്ന് അറിയാതെ തോക്ക് തുടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് വിശദീകരണം. അങ്ങനെ തന്നെയാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യാം. വെടിയുണ്ട അബദ്ധത്തില്‍ സൂക്ഷിക്കുകയെന്ന വലിയ പാതകമേ ആകുന്നില്ല. പ്രത്യേകിച്ചും ക്ലിഫ്ഹൗസിലെ ഇപ്പോഴത്തെ താമസക്കാരന്‍ മുന്‍പൊരിക്കല്‍ യാത്രക്കെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ് ബാഗില്‍ വെടിയുണ്ട കണ്ടെടുത്ത ചരിത്രവുമുണ്ട്. ലാപ്‌ടോപ്പ് ബാഗില്‍ വെടിയുണ്ട സൂക്ഷിച്ചതും അബദ്ധത്തിലാണെന്നാണ് അന്ന് പറഞ്ഞുകേട്ടത്. അതിനാല്‍ വെടിയുണ്ടയും അബദ്ധവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും പോലെയാണെന്ന് വിശ്വസിച്ചേ പറ്റൂ.
വെടിയുണ്ടക്കഥയ്ക്ക് മുന്‍പ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നുവെന്നതാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. രണ്ട് നില മാത്രമുള്ളതാണ് ക്ല്ഫ് ഹൗസ്. തിരുവനന്തപുരം നന്തന്‍കോട്ട് മന്ത്രിമന്ദിരങ്ങള്‍ക്കിടയില്‍ ‘രാജാവിനെ പോലെ’ തല ഉയര്‍ത്തിനില്‍ക്കുന്ന കെട്ടിടമാണ് അത്. കോണ്‍ക്രീറ്റില്‍ പണിതതും അല്ലാത്തതുമായ ഒട്ടേറെ മന്ദിരങ്ങള്‍ വേറെയുണ്ടെങ്കിലും മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയും അച്ചാറിന്‍ കൂട്ടത്തില്‍ മാങ്ങാ അച്ചാറുമെന്നതൊക്കെപ്പോലെ മന്ത്രിമന്ദിരങ്ങളില്‍ കേമം ക്ലിഫ് ഹൗസ് എന്ന് നാക്കുളുക്കാതെ തന്നെ പറയാനാകും.
രണ്ട് നില മാത്രമുള്ള കെട്ടിടം എന്നതിലുപരി ഒന്നാംനിലയിലേക്കുള്ള കോണിപ്പടിയും വിശാലമാണ്. മികച്ചതടിയില്‍ പണിത ഒന്നാംതരം
കോണിപ്പടി. ക്ലിഫ്ഹൗസില്‍ കാലം കഴിച്ച ആദ്യമുഖ്യമന്ത്രിയൊന്നുമല്ല ഇപ്പോഴത്തേത്. വാസസ്ഥലമായി ക്ലിഫ്ഹൗസ് ലഭിച്ച മുഖ്യമന്ത്രിയും
മന്ത്രിമാരുമൊക്കെ വേറെയുമുണ്ട്. മുഖ്യമന്ത്രി കെ. കരുണാകരനും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും, മന്ത്രിമാരായിരിക്കെ സി.എച്ച്.
മുഹമ്മദ്‌കോയയും പി.എം. അബൂബക്കറുമൊക്കെ ക്ലിഫ്ഹൗസ്‌വാസികളായി കഴിഞ്ഞവരാണ്. ഒന്നാംനിലയിലേക്ക് കോണിപ്പടിയിലൂടെ ചുവടുവെക്കാന്‍ കഴിയാത്തവിധം ആരോഗ്യപ്രശ്‌നമാണ് ലിഫ്റ്റ് സ്ഥാപിക്കാന്‍ കാരണമായി പറയപ്പെടുന്നത്. ലിഫ്റ്റ് എന്നത് ഇക്കാലത്ത് ആഢംബര വസ്തുവല്ല. എന്നാല്‍ പത്തും പതിനഞ്ചും നിലകളുള്ള കെട്ടിടത്തിലുള്ള അനിവാര്യത ഒരു നിലമാത്രമുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ഇല്ല എന്നുതന്നെ പറയേണ്ടിവരും.
അതും നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യശീലമുള്ള കെട്ടിടത്തില്‍. എന്നാല്‍ അവിടെ താമസിക്കുന്നയാളുടെ ആരോഗ്യം കണക്കിലെടുത്താണ് ലിഫ്റ്റ് എന്നാകുമ്പോള്‍ ന്യായീകരണത്തിന് യുക്തിയുണ്ട്. ‘ഗൃഹനാഥന്റെ’ആരോഗ്യം നിലനിര്‍ത്താന്‍ ഗൃഹത്തിലെ പരിഷ്‌കാരങ്ങള്‍
അംഗീകരിച്ചേതീരൂ. ലിഫ്റ്റിനെ ന്യായീകരിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അതേ ക്ലിഫ് ഹൗസില്‍ അന്നത്തെ ‘ഗൃഹനാഥന്റെ’ ആരോഗ്യം പരിഗണിച്ച് പണിത നീന്തല്‍ക്കുളത്തെക്കുറിച്ചും ഓര്‍ക്കണമെന്ന് മാത്രം. കാറപകടത്തില്‍ പരിക്കേറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞ കെ.കരുണാകരന് ഡോക്ടര്‍മാര്‍ വിധിച്ച നീന്തല്‍ ചികില്‍സ സൗകര്യമൊരുക്കാനാണ് അന്ന് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം സ്ഥാപിച്ചത്. അന്ന് നീന്തല്‍ക്കുളത്തിനെതിരെ പ്രസ്താവനകളില്‍ നീന്തിത്തുടിച്ചവരാണിപ്പോള്‍ മുഖ്യന്റെ ആരോഗ്യം പരിഗണിച്ച് ലിഫ്റ്റ് പണിയുന്നത്. കരുണാകരന്‍ പണിത നീന്തല്‍ക്കുളത്തില്‍ താന്‍ പട്ടിയെ കുളുപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട് ഇ.കെ.നായനാര്‍. ഇന്നിപ്പോള്‍ പ്രസ്തുത നീന്തല്‍ക്കുളവും അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കിയിരിക്കയാണ്. ക്ലിഫ് ഹൗസ് വളപ്പില്‍ ഗോശാലയും വരുന്നുണ്ട്. നീന്തല്‍ക്കുളത്തില്‍ നീന്തിക്കുളിച്ച് ഗോശാലയില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലും കുടിച്ച് ലിഫ്റ്റ് വഴി ആയാസലേശമെന്യെ ഒന്നാംനിലയിലേക്ക് പോകാനുള്ള പാങ്ങ് ഏത് മുഖ്യനും ഒന്ന് ആശിച്ചുപോകും.ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന് ചിന്തിക്കുന്നത് മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് എതിരുമാകുന്നില്ലെന്ന് ഗോവിന്ദന്‍ മാഷ് സാക്ഷ്യപ്പെടുത്തുകയാണെങ്കില്‍ അണികളും ഹാപ്പി.

ക്ലിഫ് ഹൗസ്

രാജഭരണകാലത്ത് ദിവാന്‍ പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്തന്‍കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം കെട്ടിടം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 1956ല്‍ ആണ് ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കെട്ടിടങ്ങള്‍ മന്ത്രിമന്ദിരങ്ങളായി നിര്‍ണയിച്ചത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിതന്നെ താമസിക്കണം എന്നില്ല.മന്ത്രിസഭയിലെ ഏത് അംഗത്തിനും ക്ലിഫ് ഹൗസ് അനുവദിക്കാവുന്നതേയുള്ള. കരൂണാകരന് ശേഷം ക്ലിഫ് ഹൗസില്‍ താമസിക്കാന്‍ എത്തുന്നത് മുഖ്യമന്ത്രിമാര്‍ മാത്രം. ഏഴ് കിടപ്പുമുറികള്‍
സഹിതം 15000 ചതുരശ്ര അടി വിസ്തൃതിയുള്ള ക്ലിഫ് ഹൗസില്‍ നാല് വിശാലമായ വരാന്തകളുണ്ട്.

 

Test User: