മക്ക: ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയം ഭക്തിയുടെ നിറവില്‍ കഴുകി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിശുദ്ധ ഹറമിലെത്തിയ മക്ക ഗവര്‍ണറെ ഹറംകാര്യ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും ഉപമേധാവി ശൈഖ് ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ഖുസൈമും ചേര്‍ന്ന് സ്വീകരിച്ചു.
പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഗവര്‍ണര്‍ ത്വവാഫും രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരവും നിര്‍വഹിച്ചു.
സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മക്ക ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി അമീര്‍ സഊദ് ബിന്‍ മന്‍സൂര്‍ ബിന്‍ ജലവിയും മുസ്‌ലിം രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് വകുപ്പ് മേധാവികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ്കാരനും അടക്കമുള്ളവര്‍ കഴുകല്‍ ചടങ്ങില്‍ പങ്കെുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഹറംകാര്യ പ്രസിഡന്‍സി മേധാവി മക്ക ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു.