X

പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ ഭേദമാക്കാം, വിവാഹ വാർഷികം ഗോശാലകളിൽ നിന്നാക്കണം: യുപി മന്ത്രി

ഗോശാലയിൽ കിടന്നാൽ ക്യാൻസർ ഭേദമാകുമെന്ന വിചിത്രമായ അവകാശവാദവുമായി ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ. കാൻസർ രോഗികൾക്ക് പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ച് സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കരിമ്പ് വികസന സഹ മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ ഞായറാഴ്ച തൻ്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ 55 ലക്ഷം രൂപ ചെലവിൽ നിർമിച്ച പശുസംരക്ഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ അവരെ സുഖപ്പെടുത്താൻ ഇവിടെ പശുക്കൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ അവരെ സുഖപ്പെടുത്താൻ ഇവിടെ പശുക്കൾ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ആ വ്യക്തി രക്തസമ്മർദ്ദത്തിനുള്ള മരുന്ന് 20 മില്ലിഗ്രാം ഡോസ് കഴിക്കുന്ന ആൾ ആണെങ്കിൽ, 10 ദിവസത്തിനുള്ളിൽ ഇത് 10 മില്ലിഗ്രാമായി കുറയും, ഇത് ഞാൻ ഉറപ്പ് പറയുന്നു,’ സിങ് പറഞ്ഞു.

അതോടൊപ്പം ചാണക പിണ്ണാക്ക് കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും ഒരു പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഏതെങ്കിലും വിധത്തിൽ ഉപയോഗപ്രദമാണെന്നും അലഞ്ഞുതിരിയുന്ന കന്നുകാലികൾ വയലിൽ മേയുന്നതിനെതിരെ പരാതിപ്പെട്ട കർഷകരോട് സംസ്ഥാന മന്ത്രി പറഞ്ഞു.

ഈദ് ദിനത്തിൽ മുസ്‌ലിംകള്‍ ഗോശാലയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു. “ഈദ് ദിനത്തിൽ ഉണ്ടാക്കുന്ന സേമിയ പായസം പശുവിൻ പാലിൽ ഉണ്ടാക്കണം. ആളുകളെ ഗോശാലകളുമായി ബന്ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ആളുകളോട് അവരുടെ വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുക്കളുമായി ആഘോഷിക്കുകയും ഗോശാലയ്ക്ക് കാലിത്തീറ്റ ദാനം ചെയ്യുകയും വേണം,’ അദ്ദേഹം പറഞ്ഞു.

webdesk13: