മാലിന്യസംസ്കരണരംഗത്തെ നൂതന സാങ്കേതിക വിദ്യ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ എക്സ്പോയ്ക്ക് ഒരുങ്ങി കൊച്ചി. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 4 മുതല്‍ 6 വരെ കൊച്ചി മറൈൻ ഡ്രൈവിലാണ്. മാലിന്യ സംസ്കരണ രംഗത്തെ പുത്തൻ രീതികളും സാധ്യതകളും പരിചയപ്പെടുത്തുന്ന 101 സ്റ്റാളുകള്‍, 26 സാങ്കേതിക സെഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ലൈവ് ഡെമോകള്‍, വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ പങ്കുവെക്കുന്ന ഹാക്കത്തോൺ, സംരംഭകസമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മറൈൻ ഡ്രൈവില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് വേദി. അവസാന വട്ട ഒരുക്കങ്ങള്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി നേരിട്ടെത്തി വിലയിരുത്തി. കൊച്ചി മേയര്‍ കെ അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, എറണാകുളം ജില്ലാ വികസന കമ്മീഷണര്‍ ചേതൻ കുമാര്‍ മീണ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെബ്രുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്പോ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്, ജര്‍മ്മൻ കോൺസുല്‍ ജനറല്‍ ആചിം ബര്‍ക്കാര്‍ട്ട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി വി പി ജോയ് ആമുഖ പ്രഭാഷണം നടത്തും. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ഹൈബി ഈഡൻ എം പി, എംഎല്‍എമാരായ ടി ജെ വിനോദ്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി എൻ സീമ തുടങ്ങിയവര്‍ സംസാരിക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും 150ലേറെ പ്രമുഖരാണ് മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന സെമിനാറുകളിലും പരിപാടികളിലും സംബന്ധിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികള്‍ എക്സ്പോയില്‍ പങ്കെടുക്കാനെത്തും. ഇതിന് പുറമേ മാലിന്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പഠന വിദ്യാര്‍ഥികള്‍, മാധ്യമപ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവരെല്ലാം എക്സ്പോയ്ക്കെത്തും. കേരള ചരിത്രത്തിലെ ഏറ്റവും വിപുലവും നവീനവുമായ ശുചിത്വ-മാലിന്യ സംസ്കരണ പ്രദര്‍ശന-പഠന പ്രക്രീയയ്ക്കാണ് കൊച്ചി വേദിയാകുന്നത്.