X

ഭിന്നശേഷിക്കാരായ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ചു; അധ്യാപകന്‍ പിടിയില്‍

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകന്‍ അറസ്റ്റില്‍. വിരുദുനഗര്‍ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്‌കൂള്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് സ്‌കൂളിലെ അധ്യാപകന്‍ ഇമ്മാനുവലാണ് (34) അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ഈ സ്‌കൂളിലെ മൂന്ന് ദളിത് വിദ്യാര്‍ഥികളെക്കൊണ്ടാണ് ഇയാള്‍ ശൗചാലയം വൃത്തിയാക്കിച്ചത്. കുറച്ചുദിവസംമുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

അഞ്ച്, ആറ്്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകന്‍തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാള്‍തന്നെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു.സ്‌കൂളിനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ഇമ്മാനുവല്‍ ഇത് ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഇയാളെ മറികടന്ന് സഹ അധ്യാപകരില്‍ ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന്റെ വിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭിന്നശേഷിക്ഷേമവകുപ്പ് അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് അടുത്തദിവസം കലക്ടര്‍ക്ക് കൈമാറും. വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം, ഭിന്നശേഷിനിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

webdesk11: