X

യൂറോയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം ; ജര്‍മനി സ്‌പെയിനിനെയും ഫ്രാന്‍സ് പോര്‍ചുഗലിനെയും നേരിടും

യൂറോപ്യന്‍ കിരീടനേട്ടത്തിന്റെ രുചി അറിഞ്ഞ നാല് ടീമുകള്‍; യൂറോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ആദ്യദിനം തന്നെ ഏറ്റുമുട്ടുന്നത് മുന്‍ ചാമ്പ്യന്‍മാര്‍. മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍. നാളെ അവസാന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയെയും നേരിടും.

ഈ യൂറോയിലെ ‘ഫൈനല്‍’ ആകേണ്ടിയിരുന്ന മത്സരം; സ്‌പെയിന്‍-ജര്‍മനി പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. കളിക്കണക്കുകളിലും താരത്തിളക്കത്തിലും ചാംപ്യന്‍ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളാണ് സ്റ്റുട്ഗര്‍ട്ട് അരീനയില്‍ കളത്തിലിറങ്ങുന്നത്. ഈ യൂറോയില്‍ നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് സ്‌പെയിന്‍.

ജര്‍മനി മൂന്ന് വീതം മത്സരം ജയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ സമനില വഴങ്ങി. ഗോള്‍ നേട്ടത്തില്‍ ജര്‍മനി ഒന്നാം സ്ഥാനത്തും (10) സ്‌പെയിന്‍ (9) രണ്ടാമതുമാണ്. നിക്കോ വില്യംസ്, ലമീന്‍ യമാല്‍ തുടങ്ങിയ യുവതാരങ്ങള്‍ സ്‌പെയിനു കരുത്തു പകരുമ്പോള്‍ ഇരുപത്തിയൊന്നുകാരന്‍ മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാളയാണ് ജര്‍മനിയുടെ തുറുപ്പുചീട്ട്.

ലമീന്‍ യമാല്‍, നിക്കോ വില്യംസ്, ഫേബിയന്‍ റൂയിസ് എന്നിവര്‍ ഇന്നലെ സ്‌പെയിനിന്റെ പരിശീലന സെഷന് ഇറങ്ങിയില്ല. എന്നാല്‍ മൂന്നു പേര്‍ക്കും വിശ്രമം അനുവദിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കു മാറി ഡിഫന്‍ഡര്‍ യൊനാതന്‍ താ തിരിച്ചെത്തുന്നത് ജര്‍മനിക്കു സന്തോഷവാര്‍ത്ത.

2016 യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം. 2016ല്‍ പാരിസില്‍ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരം പോര്‍ച്ചുഗല്‍ 1-0നു ജയിച്ചു. ഇത്തവണ മുന്നേറ്റനിര ഫോമിലായില്ലെങ്കിലും ഉറച്ച പ്രതിരോധം ഫ്രാന്‍സിനെ കാത്തു

മികച്ച താരനിരയുണ്ടെങ്കിലും പോര്‍ച്ചുഗലും അതിനൊത്ത പ്രകടനം കാഴ്ച വച്ചിട്ടില്ല. സ്‌ലൊവേനിയയ്‌ക്കെതിരെ വിജയം നേടാന്‍ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നു. രണ്ടു മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനൊപ്പം 2 സൂപ്പര്‍ താരങ്ങളുടെ കണ്ടുമുട്ടല്‍ കൂടിയാണ് മത്സരം. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപെയും പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് വിലക്കിലായ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ റാബിയോ ഇന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ ഇല്ല. പോര്‍ച്ചുഗീസ് നിരയില്‍ ആര്‍ക്കും വിലക്കോ പരുക്കോ ഇല്ല.

webdesk13: