X

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസില്‍ സമീപവാസിയായ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയാണ് പിടിയിലായ ഒരാള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വായ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം കുട്ടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത്.

പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്ന് ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് ഒരു ചടങ്ങിന് വന്നതാണ് എറണാകുളം സ്വദേശിയായ പ്രതി. ചടങ്ങിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡ് ചെയ്തു.

webdesk13: