ന്യൂഡല്‍ഹി: അല്‍തമാഷിന്റെ ചുമലുകളെ ആ കൈകള്‍ ഇന്നലെ സ്‌നേഹം കൊണ്ടു പൊതിഞ്ഞു. തന്നെ തല്ലി വേദനിപ്പിച്ച അതേ കൈകള്‍. തന്റെ പ്രിയ കൂട്ടുകാരന്റെ കൈകള്‍. നിഷ്‌കളങ്കമായി അവര്‍ കെട്ടിപ്പിടിച്ചു. മനസ്സറിഞ്ഞ് ക്ഷമ ചോദിച്ചു. ഒരു ക്ലാസ്മുറിയില്‍ നടന്ന, ഒരിക്കലും അരുത്താത്ത സംഭവം രാജ്യത്തിന്റെ മനസ്സിനെ ഒന്നാകെ കുത്തി മറിവേല്‍പ്പിക്കുമ്പോഴാണ് നൊമ്പരമായി ആ രണ്ടു കുരുന്നുകള്‍ പരസ്പരം കണ്ടതും ചേര്‍ത്തുപിടിച്ചതും.
യു.പിയിലെ മുസഫര്‍നഗറില്‍ അധ്യാപികയുടെ നിര്‍ദേശത്തെതുടര്‍ന്ന് അല്‍തമാഷ് എന്ന മുസ്്‌ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. കുരുന്നു മനസ്സുകളില്‍ മതത്തിന്റെ പേരില്‍ വെറുപ്പ് വിതയ്ക്കാനുള്ള ഒരു അധ്യാപികയുടെ നീക്കത്തിനെതിരെ വലിയ രോഷമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. ഇതിനിടെ കര്‍ഷക നേതാവ് നേരേഷ് ടിക്കായത്ത് മുന്‍കൈയെടുത്താണ് അധ്യാപികയുടെ വിവരമില്ലായ്മക്ക് നിന്നു കൊടുക്കേണ്ടി വന്ന നിഷ്‌കളങ്കരായ കുരുന്നുകളെ ഒരുമിപ്പിക്കാന്‍ ശ്രമം നടത്തിയത്.
തല്ലിയ കുട്ടിയെയും കൂട്ടി നരേഷ് ടിക്കായത്ത് അല്‍തമാഷിന്റെ വീട്ടിലെത്തുകയും അവന്റെ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കാന്‍ അവസരം ഒരുക്കുകയുമായിരുന്നു. സംഭവിച്ചത് തെറ്റാണെന്നും ഇത് ആവര്‍ത്തിക്കരുതെന്നും നരേഷ് ടിക്കായത്ത് തല്ലിയ കുട്ടിയെ ബോധ്യപ്പെടുത്തുന്നുണ്ട്. മര്‍ദനമേറ്റ കുട്ടിയെയും കുടുംബത്തെയും ആശ്വസിപ്പിച്ച ശേഷമാണ് നരേഷ് ടിക്കായത്തും സംഘവും മടങ്ങിയത്.