തിങ്കളാഴ്ച രാത്രി നാഗ്പൂരില്‍ ഓറംഗസേബ് ശവകുടീരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് കാരണക്കാരായ പ്രതകളെ അറസ്റ്റ് ചെയ്തു. എട്ട് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്ന പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്.
അക്രമം അഴിച്ചുവിട്ട വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോട്വാലി പൊലീസില്‍ കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാഗ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.
നാഗ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുള്ള മഹാരാഷ്ട്ര പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്.
ഔറംഗസേബിന്റെ ശവകൂടിരം മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. രണ്ട് ജെ.സി.ബികള്‍ ഉള്‍പ്പെടെ 40 വാഹനങ്ങളാണ് കലാപകാരികള്‍ കത്തിച്ചത്. സംഘര്‍ഷത്തില്‍ 50 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നാഗ്പൂരില്‍ നിലവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റ്‌നിസ് പാര്‍ക്ക്, മഹല്‍, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.
സംഘര്‍ഷം ആസൂത്രിതമാണെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഫഡ്‌നാവിസ് പറഞ്ഞു. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.