X

ആരാധനാലയങ്ങളിലെ പരാതികള്‍ ജില്ലാ ജഡ്ജിക്ക് പരിഗണിക്കാം: സുപ്രീംകോടതി

 

ന്യൂഡല്‍ഹി: രാജ്യത്തെ എല്ല മതങ്ങളുടേയും ആരാധനാലയങ്ങളിലേയും പരാതി പരിഹാരങ്ങള്‍ക്ക് സംവിധാനമൊരുക്കി സുപ്രീംകോടതി. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജഡ്ജിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് ജില്ലാ ജഡ്ജിക്ക് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കാമെന്ന് വ്യക്തമാക്കിയത്. ആരാധനാലയങ്ങളിലെ നടത്തിപ്പ്, ഭരണം , ശുചിത്വം , സ്വത്ത് സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച എല്ലാ പരാതികളും വിശ്വാസികള്‍ക്ക് അതത് ജില്ലാജഡ്ജിക്ക് നല്‍കാം. ജില്ലാ ജഡ്ജി പരാതി പരിശോധിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതികള്‍ ഇത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഒഡീഷയിലെ പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സിവില്‍ നടപടി ചട്ടങ്ങള്‍ പ്രകാരം ആരാധനാലായങ്ങളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയും. ജില്ലാ ജഡ്ജിമാര്‍ സ്വന്തം നിലയില്‍ പരാതി പരിഗണിക്കുകയോ സഹജഡ്ജിമാരെ ചുമതലപ്പെടുത്തുകയോ ചെയ്യണം. പരാതികള്‍ പരിശോധിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് അയക്കണം. പൊതുതാല്പര്യം പരിഗണിച്ച് ഹൈക്കോടതിക്ക് ഉത്തരവിറക്കാം. അതേസമയം, പുരി ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുന്നതിനോട് കോടതി യോജിച്ചു. ഹൈന്ദവ വിശ്വാസങ്ങള്‍ മറ്റു വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന നിലപാട്.

chandrika: