X

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ മരിച്ചു, 2 ദിവസം മാര്‍ച്ച് നിര്‍ത്തി വെക്കും: നേതാക്കൾ

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ’ മാര്‍ച്ച് പുനരാരംഭിച്ച ദിനം കര്‍ഷകരെ രൂക്ഷമായി നേരിട്ട് പോലീസ്. ഹരിയാണയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവ് മരണത്തിന് കീഴടങ്ങിയതായി പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ. സുഖ്പാല്‍ സിങ് ഖൈറ അറിയിച്ചു. എന്നാല്‍, പോലീസ് ഇക്കാര്യം നിഷേധിച്ചു.

ശുഭ്കരണിനു നേര്‍ക്ക് പോലീസ് വെടിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നതെന്നും പോലീസ് എക്സില്‍ കുറിച്ചു.

ഖനൗരിയില്‍നിന്നു മൂന്ന് പേരെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരില്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയില്‍ വെടിയേറ്റിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ, ഖനൗരിയില്‍ ശുഭ്കരണ്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവയ്ക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യും. മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു കടന്നുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാനുള്ള കര്‍ഷകരുടെ ശ്രമത്തെ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോ?ഗിച്ചാണ് പോലീസ് നേരിട്ടത്. പയര്‍വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു.

webdesk14: