X

രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബൽദങ്ക, ഈസ്റ്റ് മിഡ്നാപൂരിലെ ഇഗ്ര എന്നിവിടങ്ങളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 23 പേർക്ക് പരിക്കേറ്റു.

മുർഷിദാബാദിലെ ശക്തിപൂരിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രെജിനഗറിലും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. പുർബ മേദിനിപുർ ജില്ലയിൽ ഘോഷയാത്രക്കിടെ കല്ലേറിൽ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, രാംനവമി ആഘോഷത്തോട് അനുബന്ധിച്ച് സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ആരോപിച്ചു. രാംനവമിക്ക് തലേന്ന് മുർഷിദാബാദ് ഡി.ഐ.ജിയെ സ്ഥലംമാറ്റി. ഇത് അക്രമം നടത്താൻ ബി.ജെ.പിക്കാർക്ക് സൗകര്യമൊരുക്കാനായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, മനഃപൂർവം സംഘർഷം സൃഷ്ടിക്കുന്നതിൽ ബി.ജെ.പിയെയും ടി.എം.സിയെയും കുറ്റപ്പെടുത്തി.

webdesk13: