ഹൗറ: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമ ബംഗാളിലെ ഹൗറയില്‍ സംഘര്‍ഷം. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് അഗ്നിക്കിരയാക്കി. രാമനവമി ഘോഷയാത്ര കടന്നുപോയ ഉടനെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു.
കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി ഗുണ്ടകളെ എത്തിയ്ക്കുകയാണെന്നും കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി. രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസുകാരുള്‍പ്പടെ 20ഓളം പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.