X

പശുമാംസം കൊണ്ടുപോ​യെന്ന് ആരോപിച്ച് അജ്മീറിൽ സംഘർഷം; പരിശോധനയിൽ അല്ലെന്ന് തെളിഞ്ഞു

മോട്ടര്‍സൈക്കിളില്‍ നിന്ന് പശുമാംസത്തിന്റെ അവശിഷ്ടങ്ങള്‍ വീണുവെന്ന് ആരോപിച്ച് അജ്മീറില്‍ സംഘര്‍ഷം. കിഷന്‍ഗാര്‍ഹ് ടൗണിലാണ് സംഭവം. ബൈക്കില്‍ പച്ചക്കറി മാര്‍ക്കറ്റിലേക്ക് വരികയായിരുന്നയാളുടെ കൈവശം പശുമാംസമുണ്ടെന്ന് ആരോപിച്ചായിരുന്നു ഒരുസംഘമാളുകള്‍ സംഘര്‍ഷമുണ്ടാക്കിയത്. ആള്‍ക്കൂട്ടം പ്രദേശത്തെ കടകള്‍ അടപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് മഹിപാല്‍ ചൗധരി പറഞ്ഞു. തുടര്‍ന്ന് മാംസം പരിശോധനക്കായി വെറ്റിനറി ആശുപത്രിയിലേക്ക് അയച്ചു. പരിശോധനയില്‍ ഇത് പശുമാംസമല്ലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.

ബൈക്കില്‍ വന്നയാളേയും ഇയാള്‍ക്ക് മാംസം വിറ്റയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഘര്‍ഷത്തിനിടെ പൊലീസ് വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജീപ്പ് കേടുവരുത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിനും ഇവര്‍ക്കെതിരെ കേസുണ്ട്. ഇതില്‍ 3 പേര്‍ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം.

webdesk13: