ഡല്‍ഹി ദ്വാരകയില്‍ കുപ്രസിദ്ധ ഗുണ്ടാ സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ദ്വാരകയില്‍ ഗുണ്ടാസംഘങ്ങള്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ എത്തിയത്. സംഭവത്തില്‍ സംഘത്തിലെ രണ്ടുപേരെ പിടികൂടി. ഇവരുടെ കാലിന് വെടിയേറ്റിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ദ്വാരകയില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍ പൊലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് എല്ലാവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നാലെ തന്നെ ഗുണ്ടകള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു. തിരിച്ച് പൊലീസ് വെടിയുതിര്‍ത്തപ്പോഴാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ല. ഇരുവരും നജഫ്ഗഡ് മേഖലയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഒളിവിലായിരുന്നു. ഇവരെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.