X

കുട്ടനാട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ല്; പരുക്കേറ്റവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

CPIM FLAG

കുട്ടനാട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം നേതാക്കള്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍, എല്‍സി അംഗം ശരവണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക-വിമത വിഭാഗം പ്രവര്‍ത്തകര്‍ കുട്ടനാടിന്റെ മൂന്നിടത്ത് ഏറ്റുമുട്ടിയത്. നേതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഔദ്യോഗിക പക്ഷത്തിനൊപ്പമുള്ള രാമങ്കരി എല്‍.സി മെമ്പര്‍ ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. ഇവര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വിമത പക്ഷത്തെ കിഷോറും ചികിത്സ തേടിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷന് സമീപമാണ് സംഘര്‍ഷത്തിന്റെ തുടക്കം. വേഴപ്രയില്‍ നിന്നുള്ള സി.പി.എമ്മിന്റെ വിമത വിഭാഗത്തില്‍പ്പെട്ടവര്‍ ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് രാമങ്കരിയില്‍ വെച്ച് ശരവണനും രഞ്ജിത്തും ഇത് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും തലക്ക് ഗുരുതരമായി പരിക്കേറ്റത്.

കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് ഔദ്യോഗിക പക്ഷം ആരോപിച്ചു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് ശേഷവും അക്രമങ്ങള്‍ തുടര്‍ന്നു. അറസ്റ്റിലായവരും മറ്റു പ്രതികളും സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയതെന്നാണ് സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്.

webdesk11: