പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്‌നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ അടഞ്ഞു കിടന്നിരുന്ന ഓഫീസിന്റെ ഒന്നാം നിലയിലെ ചില്ലുകള്‍ കല്ലെറിഞ്ഞു താഴെയിട്ടു. പിന്നീട് പൂട്ട് തകര്‍ത്ത് അകത്ത് കയറി അഴിഞ്ഞാട്ടം ആരംഭിച്ചു. ഓഫീസിലെ ഫര്‍ണീച്ചറുകള്‍, നമസ്‌കാര മുറി, ഫാന്‍, എ.സി, ഇലക്ട്രിക് സംവിധാനങ്ങള്‍, നേതാക്കളുടെ പടങ്ങള്‍, ബാത്ത് റൂം എന്നിവയെല്ലാം അരമണിക്കൂര്‍ നേരത്തെ അക്രമം കൊണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചു. അക്രമ ശേഷം പ്രകടനമായെത്തി പട്ടാമ്പി റോഡിലെ സി.പി.എം ഓഫീസില്‍ അക്രമികള്‍ നിലയുറപ്പിച്ചു.
അക്രമത്തിന്റെ ശബ്ദവും ആക്രോശങ്ങളും കേട്ട് മുസ്‌ലിംലീഗ് ഓഫീസിനോടു ചേര്‍ന്നുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ പരിഭ്രാന്തരായി. ഈ സമയത്തെല്ലാം പൊലീസ് നഷ്‌ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമികള്‍ സി.പി.എം ഓഫീസില്‍ അഭയം തേടിയ ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയതുപോലും.
നേരത്തെ അങ്ങാടിപ്പുറം പോളി ടെക്‌നിക്ക് കോളജിലെ എം.എസ്.എഫിന്റെ കൊടിമരം നാലു തവണ എസ്.എഫ്.ഐ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ പുതിയ കൊടിമരം സ്ഥാപിക്കാനെത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് കോളജ് കാമ്പസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി മുസ്‌ലിംലീഗ് ഓഫീസിലേക്ക് നീങ്ങുകയായിരുന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ അഴിഞ്ഞാട്ടം തുടര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. രാത്രി വൈകുവോളം അക്രമികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ച് വിടുകയും മുസ്‌ലിംലീഗ് ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തര്‍ രണ്ടു മണിയോടെ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് രണ്ടു തവണ ലാത്തി വീശി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6.30 ഓടെ ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്.
എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന ഭരണത്തിന്റെ തണലില്‍ സി.പി. എം നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. ക്രമസമാധാന സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ പ്രകടിപ്പിച്ച ആശങ്ക ശരിവെക്കുന്നതാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ താലൂക്കില്‍
ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി. ടി അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.
അക്രമ രാഷ്ട്രീയം
അവസാനിപ്പിക്കണം:
ഹൈദരലി തങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എതിര്‍ ചേരിയിലുള്ളവരെയും രാഷ്ട്രീയ സംഘടനാ ഓഫീസുകളും ആക്രമിക്കുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്. ഭരണകൂടവും പൊലീസും നിഷ്‌ക്രിയമാവുന്നതാണ് എല്‍.ഡി.എഫ് ഭരണത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പെരിന്തല്‍മണ്ണയിലെ മുസ്്‌ലിംലീഗ് ഓഫീസ് പട്ടാപകല്‍ ആക്രമിച്ച് നശിപ്പിക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. മനുഷ്യത്വത്തെ വെല്ലുവിളിച്ച് ആക്രമണങ്ങളും കൊലപാതകവും മുഖമുദ്രയാക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ നീതിപൂര്‍വ്വം കാര്യങ്ങളെ സമീപിച്ച് നിയമവാഴ്ച ഉറപ്പാക്കണം. അക്രമങ്ങളില്‍ പ്രകോപിതരാവാതെ സംയമനത്തോടെ നേരിട്ട് പ്രവര്‍ത്തകര്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.