കോഴിക്കോട്: ശബരിമലയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അറസ്റ്റിലാവുകയും പിന്നീട് വിവിധ കേസുകളില്‍ റിമാന്റിലാവുകയും ചെയ്ത സാഹചര്യത്തെതുടര്‍ന്ന പാര്‍ട്ടിയില്‍ ഉണ്ടായ ചേരിപ്പോര് നിയന്ത്രിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. സുരേന്ദ്രന്റെ അറസ്റ്റിനുശേഷം ശബരിമല സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റാനുള്ള തീരുമാനം പാര്‍ട്ടിക്കകത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വി. മുരളീധരന്‍ എം.പിയും സംഘവും സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം മുതല്‍ പ്രശ്‌നം നേരിടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന നേതൃയോഗത്തിലും ചേരിതിരിവ് പ്രകടമായിരുന്നു.