X

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

webdesk13: