X
    Categories: indiaNews

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ: നാഗ്പൂരില്‍ മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കൂട്ടരും ഏറ്റു മുട്ടിയത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘര്‍ഷം.

കോട്വാലി, ഗണേഷ്പേത്ത്, ചിത്നിസ് പാര്‍ക്ക് എന്നിവിടങ്ങളില്‍ കല്ലേറുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം എത്രയും വേഗം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവര്‍ത്തിക്കുമെന്നും സംഘ്പരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചിരുന്നു.

ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

നാഗ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനായിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

webdesk18: