X

ഈ ഗോള്‍ മുത്തഛന്; പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ മുത്തഛന് സമര്‍പ്പിച്ച് വിനീത്

പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം സമ്മാനിച്ച ശേഷം വിനീതിന്റെ പ്രതികരണം.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോകം വിട്ടുപിരിഞ്ഞ മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് ഞാന്‍ മൈതാനത്ത് ചിലവഴിച്ചത്.’

ആ ഗോള്‍ അതിസുന്ദരമായിരുന്നു… ശരിക്കുമൊരു സി.കെ മാജിക്…! പൂനെക്ക് അനുകൂലമായി ഇല്ലാത്ത പെനാല്‍ട്ടി റഫറി അനുവദിച്ചപ്പോള്‍ മുതല്‍ മ്ലാനതയിലായിരുന്നു വിനീത്… സമനിലയില്‍ അവസാനിക്കുമെന്ന് കരുതപ്പെട്ട പോരാട്ടം. പക്ഷേ മൈതാനത്ത് സെക്കന്‍ഡുകള്‍ക്ക് പോലും മൂല്യമുണ്ടന്ന് സ്ഥിരം പറയാറുള്ള കൂത്തുപറമ്പുകാരന്‍ ആ വില തെളിയിച്ചു. 90 മിനുട്ടിന് ശേഷം അനുവദിക്കപ്പെട്ട നാല് മിനുട്ട് അധികസമയം. അതില്‍ രണ്ട് മിനുട്ടും കഴിഞ്ഞ് മൂന്നാം മിനുട്ട്… സ്വന്തം ഹാഫില്‍ നിന്നും വിനീതിന് ലോംഗ് പാസില്‍ പന്ത് ലഭിക്കുന്നു. മൂന്ന് ഡിഫന്‍ഡര്‍മാര്‍ വട്ടമിട്ടപ്പോള്‍ പന്ത് സ്വീകരിച്ച് വിനീത് ഒന്ന് വെട്ടിതിരിഞ്ഞു. പിന്നെയൊരു കിടിലന്‍ ഷോട്ട്. പൂനെ ഗോള്‍ക്കീപ്പര്‍ മുഴുനീളം ഡൈവ് ചെയ്‌തെങ്കിലും ആ ബുള്ളറ്റ് തടുക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. 2-1 ന്റെ അല്‍ഭുത വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്.

പൂനെ ബാലവാഡിയിലെ ശിവ് ഛത്രപതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ജയം.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58ാം മിനിറ്റില്‍ ജാക്കി ചാന്ദ്് സിംഗിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 79ാം മിനിറ്റില്‍ അനര്‍ഹമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93ാം മിനിറ്റില്‍) സി.കെ. വിനീത് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.പ്രതീക്ഷകള്‍ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട് ഗോള്‍ മുഖത്തേക്ക് വന്നത് ബല്‍ജിത് സാഹ്്‌നിയുടെ ബൂട്ടില്‍ നിന്നാണ്. ബല്‍ജിതിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നു..

കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച് എന്നിവര്‍്ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്, മാഴ്‌സിലീഞ്ഞ്യോ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച് റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ് ഔട്ടില്‍ നി്ന്നും പുറത്തും പോകേണ്ടിയും വന്നു. ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ വിനീതിനാണ് ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചു.

59ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ബോര്‍ഡ് തുറന്നു. പെക്കുസനിലൂടെയാണ് ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ് സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ത്രൂപാസ് സ്വീകരിച്ച ജാക്കി ചന്ദ് സിംഗ് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് പൂനെയുടെ വലയില്‍ കയറി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനാണ് ആദ്യ മഞ്ഞക്കാര്‍ഡ്. അടുത്ത മഞ്ഞക്കാര്‍ഡ് പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. 78ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത് സ്വന്തമാക്കാന്‍ സുബാഷിഷ് റോയ് ചൗധരിയുടെ ശ്രമം പെനാല്‍്ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്്ക്കു പിഴച്ചില്ല. അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ് പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീത് വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ് സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി (21).

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും നേരിടും. ശനിയാഴ്ച്ച കൊല്‍ക്കത്ത ബംഗളൂരുവുമായി കളിക്കും

chandrika: