ന്യൂഡല്‍ഹി: ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീറിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം. ഫോട്ടോ ജേര്‍ണലിസ്റ്റ് (സിംഗിള്‍ ന്യൂസ് പിക്ചര്‍) വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.
മതങ്ങള്‍ക്കപ്പുറമാണ് മനുഷ്യസ്‌നേഹം എന്നു തെളിയിക്കുന്ന ചിത്രമാണ് തന്‍സീറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഇതേ വിഭാഗത്തില്‍ പിടിഐ ഫോട്ടോ ജേര്‍ണലിസ്റ്റ് വിജയ് വര്‍മക്കും പുരസ്‌കാരം ലഭിച്ചു. ഫോട്ടോ ഫീച്ചര്‍ പുരസ്‌കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ജെ.സുരേഷിനാണ് ലഭിച്ചത്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിതും ഒഡീഷയിലെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ചിത്രാംഗദ ചൗധരിയും അവാര്‍ഡിന് അര്‍ഹരായി.
രാജാ റാം മോഹന്‍ റോയ് അവാര്‍ഡ് മാധ്യമപ്രവര്‍ത്തകരായ സാം രാജപ്പ, ശരത് മിശ്ര എന്നിവര്‍ പങ്കിട്ടു. റൂറല്‍ ജേര്‍ണലിസം ആന്റ് ഡവലപ്‌മെന്റ് റിപ്പോര്‍ട്ടിങിന് നാഷണല്‍ ബ്യൂറോ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ശാലിനി നായര്‍ക്കും അവാര്‍ഡ് ലഭിച്ചു.
കുന്ദന്‍ രാമന്‍ ലാല്‍ വ്യാസ്, സന്ദീപ് ശങ്കര്‍, പ്രഭാത് ദാസ്, സി.കെ നായക്, രവീന്ദ്രകുമാര്‍, ഡോ.സുമന്‍ ഗുപ്ത, ഡോ.മൃണാല്‍ ചാറ്റര്‍ജി എന്നിവരടങ്ങിയ പ്രത്യേക ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അടുത്ത മാസം 16ന് നടക്കുന്ന ദേശീയ പ്രസ് ദിനാചരണ പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.