കല്‍പറ്റ: പ്രളയവും ഉരുള്‍പൊട്ടലും രണ്ടാംവട്ടവും നാശംവിതച്ച വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സി.കെ സുബൈറിന്റെയും സഹോദരി ഭര്‍ത്താവ് നാദാപുരം നിയോജക മണ്ഡലം മൂസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ വി.പി കുഞ്ഞബ്ദുല്ല മാസ്റ്ററുടെയും സഹോദരന്‍ സി.കെ അബ്ദുള്‍ ഗഫൂറിന്റെയും ഉടമസ്ഥതയിലുള്ള വെള്ളിമുണ്ട മാനന്തവാടി ബൈപ്പാസിലെ മെയിന്‍ റോഡിനരികെയാണ് രണ്ട് വീടുകള്‍ക്ക് 10 സെന്റ് സ്ഥലം നല്‍കുന്നത്. വീടും പറമ്പും നഷ്ടമായവരെ പുനരധിവസിപ്പിക്കാനുള്ള ജില്ലാ മുസ്‌ലിം ലീഗ് പദ്ധതിയിലേക്കാണ് സ്ഥലം സൗജന്യമായി നല്‍കിക്കൊണ്ട് നേതാക്കള്‍ ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതറിഞ്ഞാണ് സി.കെ സുബൈര്‍ സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്.