X
    Categories: columns

ആ മരണ മൊഴിക്ക് നീതിയുടെ ഉത്തരം വേണം

 

സി.കെ സുബൈര്‍

ഹാഥ്‌റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര്‍ തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്‍പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ്. സംഘ്പരിവാറിനു രാഷ്ട്രീയ അധികാരമുള്ള ഒരിന്ത്യയില്‍ ഇതു പ്രതീക്ഷിച്ചതാണ്, നമ്മെ പോലെ ഫാസിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയം പറയുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അതിനെയൊക്കെ തീവ്ര ഹിന്ദുത്വവും സൈനിക ദേശീയതയും സമാസമം ചേര്‍ത്ത രാഷ്ട്രീയ സാംസ്‌കാരിക യുദ്ധത്തിലൂടെ തല്‍ക്കാലത്തേക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ നേടിയെടുത്ത രാഷ്ട്രീയ അധികാരം ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രത്തിന്റെ നിര്‍മ്മിതിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ് ഇന്നത്തെ യു.പി. മുസ്‌ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ആര്‍. എസ്.എസിനെതിരെ മതേതരത്വത്തിന്റെ ഭാഷ സംസാരിക്കുന്നവര്‍, ശത്രു എന്ന് ഫാസിസം പ്രഖ്യാപിക്കപ്പെട്ടവര്‍ ഒന്നൊഴിയാതെ ഓരോ ദിവസവും ഇടതടവില്ലാതെ അക്രമിക്കപ്പെടുന്ന ഇടമാണ് യു.പി. ഉത്തര്‍പ്രദേശ് എന്ന നിയമങ്ങളും ഭരണഘടനയുമില്ലാത്ത വെള്ളരിക്കാ പട്ടണത്തിന്റെ വന്യ മുഖമാണ് ഹാഥ്‌റസ് എന്ന പിന്നോക്ക ജില്ല.
ആ ദലിത് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കുടുംബത്തെ നേരില്‍കണ്ട് പിന്തുണ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചത് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ്. കേവലമായ സ്ത്രീ പീഡനമോ ബലാല്‍സംഗമോ അല്ല ഹാഥ്‌റസില്‍ നടന്നത്. ബലാല്‍സംഗത്തെ യുദ്ധ തന്ത്രമായി കാണുന്ന പ്രത്യയശാസ്ത്രം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് ആ കുടുംബത്തെ നേരില്‍ കണ്ട് പിന്തുണ അറിയിക്കേണ്ടത് രാഷ്ട്രീയ ബാധ്യതയാണെന്ന് പാര്‍ട്ടി വിലയിരുത്തിയത്.
കുടുംബത്തോടൊപ്പമാണ് സെപ്തംബര്‍ 14ന് അവള്‍ വീടിനു തൊട്ടടുത്തുള്ള വയലില്‍ പുല്ലരിയാന്‍ പോയത്. ഉത്തര്‍പ്രദേശിലെ സവര്‍ണ സമൂഹമായ താക്കൂറുകള്‍ക്ക് അപ്രമാദിത്വമുള്ള സാമൂഹ്യ ഘടനയാണ് ഗ്രാമത്തിലേക്ക്. എല്ലാ അര്‍ത്ഥത്തിലും അരികുവല്‍ക്കരിക്കപ്പെട്ട അവിടുത്തെ ദലിത് വിഭാഗമായ വാത്മീകി സമുദായാംഗങ്ങളാണ് അവളുടെ കുടുംബം. യു.പിയില്‍ എത്രയോ കാലമായി നീറിപ്പുകയുന്ന ജാതി ഭ്രാന്താണ് ബലാല്‍സംഗത്തിനു പിന്നില്‍ ഉണ്ടായിരുന്നതെന്ന് മനസിലാക്കാന്‍ കുട്ടിക്കേറ്റ പരിക്കുകളെ കുറിച്ച് വായിച്ചാല്‍ മതി. നാവരിഞ്ഞ്, നട്ടെല്ലുതകര്‍ത്ത്, കൈകാലുകള്‍ ഒടിച്ച് രക്തംവാര്‍ന്നനിലയില്‍ മൃതപ്രായയായിട്ടാണ് അവളെ കണ്ടെത്തിയത്. രണ്ടാഴ്ചക്കു ശേഷം ഡല്‍ഹിയില്‍ ഉത്തര്‍പ്രദേശിന്റെ നിര്‍ഭയ മരണപ്പെട്ടു. പിന്നീടാണ് യോഗി ഭരണകൂടത്തിന്റെ എല്ലാ ക്രൂരതയും ലോകം കണ്ടത്. ആരോരുമറിയാതെ മൃഗത്തിന്റെ മൃതശരീരത്തിനു നല്‍കേണ്ട മാന്യതപോലും നല്‍കാതെ അവളെ വീടിനടുത്തുള്ള വയലിലിട്ട് ദഹിപ്പിച്ചു. ബലാല്‍സംഗം നടന്നിട്ടില്ല എന്നായി പൊലിസിന്റെ അടുത്ത വാദം. ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ബലാല്‍സംഗം തെളിയിക്കാന്‍ പുരുഷ ബീജം വേണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ആ നിമിഷം പുറത്താക്കണം. ഇതിനിടയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് ആശുപത്രി കിടക്കയില്‍കിടന്ന് അവള്‍ പറയുന്ന വീഡിയോ പുറത്ത്‌വന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ താക്കൂര്‍ സമുദായത്തെ വേട്ടയാടുന്നു എന്നാരോപിച്ച് 400 ലധികം പേര്‍ പങ്കെടുത്ത യോഗം വിളിച്ചത് ബി.ജെ.പി മുന്‍ എം.എല്‍.എ രാജ്‌വീര്‍ പെഹല്‍വാന്റെ വസതിയില്‍. ഇരക്കു നീതി ലഭിക്കണം എന്നാവശ്യപ്പെട്ട ബി.ജെ.പിയുടെ ദലിത് എം.പിമാരായ കൗശല്‍ കിഷോര്‍, ഉപേന്ദ്ര റനൗട്ട് അടക്കമുള്ളവരെയും സംഘികള്‍ ശകാരിച്ചു. ബി.ജെ.പി സവര്‍ണ മേധാവിത്വത്തിന്റെ മാത്രം പാര്‍ട്ടിയാണെന്നും ഹിന്ദു എന്ന പൊതു സാമുദായികതയെ ഒരുനിലക്കും അംഗീകരിക്കുന്നവരല്ല അവര്‍ എന്നും വ്യക്തമാക്കുന്ന സംഭവങ്ങളുടെ ഘോഷയാത്ര തന്നെ ചൂണ്ടിക്കാട്ടാനാവും.
‘ഡല്‍ഹി ആഗ്ര ഹൈവേയില്‍ ആഗ്രക്ക് 60 കിലോമീറ്റര്‍ മുന്നേ റായയില്‍ നിന്ന് മഥുര ഹഥ്‌റേസ് റോഡില്‍ വരണം, ഞങ്ങള്‍ വഴിയില്‍ കാത്ത് നില്‍ക്കും’ ഇതാണ് യു.പി യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വം പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ തടയാന്‍ സര്‍വസന്നാഹങ്ങളും യു.പി പൊലിസ് ഒരുക്കിയതും അത് ഭേദിച്ച് അവര്‍ മുന്നോട്ട്‌പോയതും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ യു.പി പൊലീസ് തള്ളിവീഴ്ത്തി. അവിടെയെത്തുന്ന രാഷ്ട്രീയ നേതാക്കളെ ശത്രുരാജ്യത്തിന്റെ സൈനികരെ കൈകാര്യം ചെയ്യുംപോലെ യുദ്ധ സന്നാഹങ്ങളൊരുക്കിയാണ് അവര്‍ തടയുന്നത്. പെണ്‍കുട്ടിയുടെ വസതിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ പൊലിസ് കൂറ്റന്‍ ബാരിക്കേഡുകളുയര്‍ത്തിയിട്ടുണ്ട്. ഞങ്ങള്‍ അവിടെയെത്തിയ ഉടന്‍ വഴിയാത്രക്കാര്‍ക്കുവേണ്ടി ഒഴിവാക്കി ഇട്ട വഴി കൂടി അവര്‍ അടച്ചു. അതുവരെ അലസമായിരുന്ന പൊലീസുകാര്‍ സജ്ജരായി. സ്വയം പരിചയപ്പെടുത്തി സന്ദര്‍ശനോദ്ദേശ്യം പറഞ്ഞതോടെ അനുവദിക്കാനാവില്ല എന്നായിരുന്നു മറുപടി. നക്‌സലുകള്‍ വരുന്നു, തീവ്രവാദികള്‍ വരുന്നു, കുടുംബത്തിന് സുരക്ഷാഭീഷണിയുണ്ട് പരുക്കന്‍ സ്വഭാവത്തില്‍ പൊലീസ് വാദങ്ങള്‍ തുടരുകയാണ്. കുടുംബത്തെ കാണാനും സംസാരിക്കാനും പിന്തുണ അറിയിക്കാനും ജനാധിപത്യപരമായ എല്ലാ അവകാശങ്ങളുമുണ്ട് അതു കൊണ്ട് അനുവദിച്ചേ പറ്റു എന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ പൊലീസ് അയഞ്ഞു. അഞ്ച് പേര്‍ വീതം രണ്ട് സംഘങ്ങളായി പോകാമെന്നായി പൊലീസ്. ആദ്യ സംഘത്തില്‍ എന്നെ കൂടാതെ ഖുര്‍റം അനീസ് ഉമര്‍, ടി.പി അഷ്‌റഫലി, അഡ്വ. വി.കെ ഫൈസല്‍ ബാബു, മുഹമ്മദ് ആരിഫ് എന്നിവരടങ്ങുന്ന ആദ്യ സംഘം ഗ്രാമവഴിയിലൂടെ നടന്നു നീങ്ങി. അധികം വൈകാതെ മുഹമ്മദ് സുബൈര്‍, ഷിബു മീരാന്‍, ഇ ഷമീര്‍, അഹമ്മദ് സാജു എന്നിവരും ഞങ്ങളെ അനുഗമിച്ചു.
ഗ്രാമം നിറയെ ബാജ്‌റ വയലകളാണ്. ഗ്രാമവഴികളില്‍ ഓരോ നൂറ് മീറ്ററിലും പൊലീസ് കാവലുണ്ട്. അവിടെയെത്തുന്ന സന്ദര്‍ശകരെ തടയാനും നിരീക്ഷിക്കാനും കാണിക്കുന്ന ഈ ജാഗ്രത ശരിയായ സമയത്തു കാണിച്ചെങ്കില്‍ ഓരോ ദിവസവും പെണ്‍കുട്ടികള്‍ ക്രൂരബലാല്‍സംഗത്തിനിരയാകുന്ന വാര്‍ത്തകള്‍ യു.പിയില്‍നിന്ന് കേള്‍ക്കില്ലായിരുന്നു. വീടിനു മുന്നില്‍ മെറ്റല്‍ ഡിറ്റക്ടര്‍വരെ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഒട്ടും സൗഹൃദപൂര്‍വ്വമല്ല സന്ദര്‍ശകരോടും കുടുംബത്തോടും അയല്‍വാസികളോടും പെരുമാറുന്നത്. ഭയത്തിന്റെ അന്തരീക്ഷം അവിടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറിയ വീട്ടിലേക്കു കയറുന്നനേരം ഉമ്മറത്ത് പായ വിരിച്ച് അച്ഛനിരുപ്പുണ്ട്. ജാതി വെറി തലക്ക് പിടിച്ച കുറേ മനുഷ്യരും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് തങ്ങളുടെ ഏക ജോലി എന്ന് കരുതുന്ന യോഗി സര്‍ക്കാരും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞൊരച്ഛന്‍.ഇനിയാ വൃദ്ധ പിതാവിന് കണ്ണുനീര്‍ ബാക്കിയില്ല. അത്ര വലിയ ആഘാതങ്ങളാണ് സപ്തംബര്‍ 14 മുതല്‍ ഈ നിമിഷംവരെ അദ്ദേഹത്തിനേല്‍ക്കേണ്ടിവന്നത്. ഇടക്കിടെ വിതുമ്പിപോകുമ്പഴും അദ്ദേഹം സംസാരിച്ചു. വയലില്‍ പുല്ലു ശേഖരിക്കുന്നതിനിടെ ഒന്നു കണ്ണു തെറ്റിയപ്പോഴാണ് ജാതിക്കോമരങ്ങള്‍ മകളെ റാഞ്ചിയെടുത്തത്. കേട്ടുകേള്‍വി പോലുമില്ലാത്ത ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ മൃതപ്രായായ മകളെ കണ്ടുകിട്ടി. രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ മകള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അതുവരെ സഹിക്കേണ്ടിവന്നതിനേക്കാള്‍ വലിയ വേദനയുടെ നിമിഷങ്ങളായിരുന്നു പിന്നെ. വീടിന്റെ വിളിപ്പാടകലെയുളള ബാജ്‌റ വയലില്‍ പൊലീസ് കാര്‍മ്മികത്വത്തില്‍ അവള്‍ക്ക് ചിതയൊരുങ്ങി. പ്രെട്രോളൊഴിച്ചു കത്തിച്ചു. പിതാവ് നിസ്സഹായനായി നോക്കിനില്‍ക്കെതന്നെ, അവളോടിക്കളിച്ച വീട്ടുമുറ്റത്ത് കൊണ്ടുവന്നുവെക്കാന്‍ പോലും സമ്മതിക്കാതെ. ഞങ്ങള്‍ സംസാരിക്കുന്ന നിമിഷം ഓംപ്രകാശ് മനസാന്നിധ്യം വീണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതുവരെ അവള്‍ എന്റെ മാത്രം മകളായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ നാട്ടിലെ ഓരോ മനുഷ്യസ്‌നേഹിയും അവളെ മകളായും സഹോദരിയായും കാണുന്നു. നിങ്ങളൊക്കെ ഞങ്ങളെ തേടിവരുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടുക എന്നതാണ് ഇനി അവള്‍ക്കുവേണ്ടി ചെയ്യാനുള്ളത്- അദ്ദേഹം പറഞ്ഞു. സഹോദരിയുടെ ചിതയില്‍നിന്ന് അസ്ഥികള്‍ പെറുക്കിയെടുക്കേണ്ടിവന്ന സഹോദരങ്ങള്‍ക്കും അതേ പറയാനുള്ളു. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്. ഇപ്പോഴും പൊലീസ് പരമാവധി ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുടുംബത്തിന് നക്‌സല്‍ ബന്ധമുണ്ട്. ഏഴു വര്‍ഷം മുമ്പ് വിവാഹിതനായ മൂന്ന് കുട്ടികളുടെ പിതാവുമായ സഹോദരന്റെ വിവാഹം നിയമപരമല്ല തുടങ്ങി നുണകളുടെ പെരുമഴയാണ്. പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്താനും ശ്രമമുണ്ട്. അവിടെയെത്തുന്ന ദേശീയ മാധ്യമങ്ങള്‍ക്കും ഇത്തരം അപവാദ പ്രചാരണങ്ങളിലും നുണക്കഥകളിലുമാണ് താല്‍പര്യം. വീണ്ടും വീണ്ടും കുടുംബത്തെ കൊല്ലാക്കൊല ചെയ്യുന്നുണ്ട് ജാതി വെറി തലക്കുപിടിച്ച യോഗി സര്‍ക്കാരും മാധ്യമങ്ങളും. എന്നിരുന്നാലും ആ മനുഷ്യന്‍ തളര്‍ന്ന് പോകില്ല, നാം കൂടെയുണ്ടെങ്കില്‍. നാം കൂടെയുണ്ട്. കാരണം അവള്‍ സംഘ്പരിവാര്‍ എന്ന മനുഷ്യത്വ വിരുദ്ധതയുടെ ഇരയാണ്. നമ്മുടെ പക്ഷം അവര്‍ക്കെതിരായ പക്ഷമാണ്. നമ്മളാ അച്ഛന്റെയും മകളുടെയും പക്ഷത്താണ്. കൊലപാതകം ബി.ജെ.പി പറയുംപോലെ ഒറ്റപ്പെട്ട സംഭവമല്ല. ആ പിതാവ് ഒരു പ്രതീകമാണ്, സംഘ് പരിവാറിന്റെ ദലിത് വിരുദ്ധതയുടെ പ്രതീകം, മുസ്‌ലിംകള്‍ മാത്രമല്ല ദലിതരും പിന്നാക്ക സമുദായങ്ങളും സംഘികളുടെ ശത്രുക്കളാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. അത് തിരിച്ചറിഞ്ഞ് ഇനിയിങ്ങനെ പാതിരാവിലും പകല്‍വെളിച്ചത്തിലും മനുഷ്യരെ ജീവനോടെയും അല്ലാതെയും ചുട്ടെരിക്കാന്‍ അവര്‍ക്കു ധൈര്യം വരില്ല. സന്ധ്യയോടെ ഞങ്ങള്‍ മടങ്ങി. മരണക്കിടക്കയിലും അസാമാന്യമായ മനസാന്നിധ്യം കാണിച്ചവളാണ് ആ പെണ്‍കുട്ടി. ക്രൂരബലാല്‍സംഗത്തിനിരയായി എന്നവള്‍ പറഞ്ഞത് അസാമാന്യമായ ധൈര്യത്തോടെയാണ്. ആ മരണ മൊഴി ഒരു ചുമതലപ്പെടുത്തല്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളില്‍ പെണ്‍കുട്ടികള്‍ നല്‍കുന്ന മരണ മൊഴി ഗൗരവത്തോടെയെടുക്കണമെന്ന് കത്തെഴുതിയ കേന്ദ്രവും അത് വായിക്കുന്ന യോഗിയും എത്ര ആത്മാര്‍ത്ഥത കാണിക്കുമെന്നതിന് ഹാഥ്‌റസ് പെണ്‍കുട്ടി തന്നെയാണ് തെളിവ്. പക്ഷേ നമുക്കത് കേട്ടില്ലെന്ന് തെളിയിക്കാനാവില്ല. അവള്‍ക്ക് നീതി ലഭിക്കണം. ആ മുദ്രാവാക്യം വലിയ മുന്നേറ്റമായി മാറണം. പ്രതികളെ രക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ജനകീയ സമരത്തിന്റെ കരുത്തില്‍ മറികടക്കണം. മുസ്‌ലിംലീഗ് ആ മുന്നേറ്റത്തിന്റെ മുന്‍നിരയിലുണ്ടാകും. അവളുടെ മരണമൊഴിക്ക് നീതിയുടെ ഉത്തരം നല്‍കണം, ഇനിയൊരു ഹാഥ്‌റസ് ആവര്‍ത്തിക്കാതിരിക്കാന്‍.

web desk 1: