X

ബിജെപിക്കെതിരെ തിരിഞ്ഞുകുത്തി സി.കെ പത്മനാഭന്‍

തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്‍. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരായ പാര്‍ട്ടി നിലപാടിനെതിരെയാണ് പത്മനാഭന്‍ പരാമര്‍ശം നടത്തിയത്. എം.ടി ഹിമാലയ തുല്യനും കമല്‍ രാജ്യസ്‌നേഹിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെഗുവേര തന്റെ ആരാധാനപാത്രമാണെന്നും പത്മനാഭന്‍ പറഞ്ഞു. കമലിന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ ദേശസ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തിനെതിരായ ബിജെപിയുടെ യജ്ഞം അതിന്റെ ഉദ്ദേശത്തില്‍ നിന്ന് വഴിമാറിയാണ് സഞ്ചരിക്കുന്നത്. ഇത് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കും. നോട്ട് അസാധു സംബന്ധിച്ച് അഭിപ്രായം പറഞ്ഞ എം.ടിയെ കല്ലെറിയുന്നവര്‍ സംതൃപ്തി നേടട്ടെയന്നും പത്മനാഭന്‍ പറഞ്ഞു. തന്റെ ആരാധനാപാത്രമായ ചെഗുവേരയെകുറിച്ച് പറയാനും പത്മനാഭന്‍ മറന്നില്ല. ചെഗുവേരയെ അറിയാത്തവര്‍ അദ്ദേഹത്തെ അറിയാന്‍ ശ്രമിക്കണം. അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് ഇന്നത്തെ യുവത്വത്തോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: