X

സി.കെ ജാനു എന്‍.ഡി.എ വിട്ടു; ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ

കോഴിക്കോട്: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭാ എന്‍.ഡി.എ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത സമിതി യോഗത്തിലാണ് തീരുമാനമായത്. എന്‍.ഡി.എ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. അതേസമയം, ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് ജാനു വ്യക്തമാക്കി.

ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളിലെല്ലാം അവഗണിക്കപ്പെട്ട, ഇരകളായ ആളുകളാണ്. അതുകൊണ്ട് തന്നെ എന്‍ഡിഎയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്ന് ജാനു പറഞ്ഞു.

മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെപ്പറ്റി പലതവണ ചര്‍ച്ച ചെയ്തതാണ്. ബിജെപിയുടെ ആവശ്യപ്രകാരം കക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് അവസാന നിമിഷം വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരമൊരു വാഗ്ദാനം ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഒടുവില്‍ തുഷാറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും കൃഷിയാവശ്യത്തിനായി ഭൂമി നല്‍കണം എന്ന് വനാവകാശ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി നല്‍കിയില്ല. യുഡിഎഫ്എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വനാവകാശ നിയമത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. വനാവകാശ നിയമം അനുസരിച്ച് 15 ഏക്കര്‍ ഭൂമി വരെ കൃഷി ചെയ്യാനായി ആദിവാസികള്‍ക്ക് നല്‍കണം. ഏറ്റവും കുറവ് അഞ്ച് ഏക്കര്‍ ഭൂമിയെങ്കിലും നല്‍കണം. എന്നാല്‍ ആദിവാസി വീടുകള്‍ക്ക് ചുറ്റും മൂന്ന് സെന്റ്, അഞ്ച് സെന്റ് വീതം കുറ്റിയടിച്ച് വനവകാശ നിയമത്തെ അട്ടിമറിക്കുകയാണ് ഇരു കൂട്ടരും ചെയ്തത്. ഇതിനെതിരെ കര്‍ഷക സമരം പോലെ വലിയ പ്രക്ഷോഭം തന്നെ ആദിവാസി സമൂഹം നടത്തേണ്ടതുണ്ടെന്നും ജാനു അഭിപ്രായപ്പെട്ടു.

chandrika: