കോഴിക്കോട്: സി.കെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ സി.കെ ജാനുവിന്റെ പാര്‍ട്ടി തീരുമാനിച്ചത്. എല്‍.ഡി.എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സി.കെ ജാനു പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി എകെ ബാലന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി എല്‍.ഡി.എഫ് പ്രവേശം സംബന്ധിച്ച് സി.കെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗദ്യോഗിക ചര്‍ച്ചയെന്നാണ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ നിന്ന് സി.കെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന. സി.പി.എം നേതൃത്വവുമായാണ് സി.കെ ജാനു അടുത്ത ഘട്ടം ചര്‍ച്ചകള്‍ നടത്തുക. ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സി.പി.എം നേതൃത്വം എ.കെ.ജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സി.കെ.ജാനു പറഞ്ഞു.
ഇതേവരെയുള്ള ചര്‍ച്ചകള്‍ അനുകൂലമാണ്. എന്‍.ഡി.എയിലേക്ക് ഇനി തിരിച്ച് പോകില്ല. രണ്ടര വര്‍ഷം എന്‍.ഡി.എക്കൊപ്പം പ്രവര്‍ത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവര്‍ ഒരു വിധത്തിലും പരിഗണിച്ചില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അവര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.