X

അഫ്ഗാന്‍ യുദ്ധം: സിവിലിയന്‍ മരണത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് യുഎന്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ആറ് മാസത്തിനിടെ 1,692 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ ഇത്തവണ ഒരു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, പരിക്കേറ്റവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവുണ്ടായിട്ടുണ്ട്. 3430 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് യു.എന്‍ കണക്ക്.

2017ല്‍ ആറ് മാസത്തിനിടെ 5122 പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദി ആക്രമണങ്ങളിലും ചാവേര്‍ സ്‌ഫോടനങ്ങളിലുമാണ് ഏറെപ്പേരും കൊല്ലപ്പെട്ടത്. ജൂണില്‍ അഫ്ഗാന്‍ സേനയും താലിബാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുപോലും മരണനിരക്ക് കൂടിയെന്നത് ഏറെ ശ്രദ്ധേയമാണ്.

2001ല്‍ അഫ്ഗാന്‍ യുദ്ധം ആരംഭിച്ച ശേഷം 2009 മുതലാണ് ഐക്യരാഷ്ട്രസഭ കൊല്ലപ്പെട്ടവരുടെ കണക്ക് സൂക്ഷിച്ചുതുടങ്ങിയത്. ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിയില്‍ അഫ്ഗാന്‍ യുദ്ധം ചര്‍ച്ച ചെയ്തിരുന്നു. 2001ല്‍ ലോകവ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് താലിബാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ സേന അഫ്ഗാനില്‍ അധിനിവേശം നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് നാറ്റോ സൈനികരെ വിന്യസിച്ചെങ്കിലും അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കക്ക് സാധിച്ചില്ല. അഫ്ഗാനില്‍നിന്ന് തലയൂരുന്നതിന് 2014ല്‍ നാറ്റോ യുദ്ധദൗത്യം അവസാനിപ്പിച്ച് അഫ്ഗാന്‍ സേനക്ക് സുരക്ഷാ ചുമതല കൈമാറിയിരുന്നു. അത് മുതലെടുത്ത് താലിബാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ശക്തമായ നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി.

chandrika: