കൊളംബൊ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണ കക്ഷി അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഭരണകക്ഷി എം.പിയടക്കം 5 പേര്‍ കൊല്ലപ്പെട്ടു. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭക്കാരുടെ ആക്രമണത്തില്‍ ഭരണ കക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് കൊല്ലപ്പെട്ടത്. നിട്ടാമ്പുവയില്‍ എം.പിയുടെ കാര്‍ തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ അദ്ദേഹം വെടിവെക്കുകയും ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ സമീപത്തെ കെട്ടിടത്തില്‍ അഭയം തേടാന്‍ ശ്രമിച്ച അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജനക്കൂട്ടം വളഞ്ഞതോടെ എം.പി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മഹീന്ദ രാജപക്‌സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടേയും എം.പിമാരുടേയും മന്ത്രിമാരുടേയും വീടുകളും വാഹനങ്ങളുമടക്കം അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പലയിടത്തും പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജും നടത്തി. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ കുറുനഗരയിലെ കുടുംബ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഇവിടെ മേയറായ തുഷാര സഞ്ജീവയുടെ വീടും അഗ്നിക്കിരയാക്കി. രണ്ട് മന്ത്രിമാരുടേയും മൂന്ന് എം.പിമാരുടേയും വീടുകള്‍ക്കും ജനം തീയിട്ടു. കൊളംബൊ മൊറാതുവയിലുള്ള മേയറുടെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. രജപക്‌സെ അനുകൂലിയായ മുന്‍മന്ത്രി ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയുടെ വീടും ഓഫീസും അഗ്നിക്കിരയാക്കി. ഡസനോളം വാഹനങ്ങളും കത്തിച്ചു. പുട്ടാലത്ത് ഭരണകക്ഷി എം.പിയായ സനത് നിശിന്തയുടെ വസതിക്കും പ്രതിഷേധക്കാര്‍ തീയിട്ടു.
എം.പി മഹിപാല ഹെരാതിന്റെ വീടിനും പ്രതിഷേധക്കാര്‍ രാത്രിയോടെ തീവെച്ചു. രാജപക്‌സെ അനുകൂലികളുമായി പോയ മൂന്നു ബസുകള്‍ കൊളംബോയില്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്സെ ഇന്നലെ രാജിവെച്ചിരുന്നു..രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണ പ്രതിസന്ധിയും നേരിടുന്ന ലങ്കയില്‍ പ്രതിഷേധം വ്യാപക അക്രമത്തിന് വഴിവെച്ചതോടെ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചന്ന ജയസുമനയും പ്രസിഡന്റ് ഗോട്ടബായ രാജപക്സെയ്ക്ക് രാജിക്കത്ത് കൈമാറി.
രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രസിഡന്റിന്റെ ഓഫീസിലേക്ക് ജനം ഇരച്ചുകയറി. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോട്ടബായ രാജപക്സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹീന്ദ രാജപക്‌സെയുടെ രാജി.