X

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന്; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം

2019-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. അപേക്ഷ: https://upsconline.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

അപേക്ഷാ ഫീസ്: 100 രൂപ. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടക്കേണ്ടതില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ ഫീസ് അടക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

chandrika: