ന്യൂഡല്‍ഹി: ഇത്തവണ സിവില്‍ സര്‍വീസ് നേടിയവരിലധികവും ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവര്‍. സിവില്‍ സര്‍വീസില്‍ അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനില്‍ നിന്നുള്ളവരാണ്. 14% ജനസംഖ്യയുള്ള മുസ്‌ലിംകളില്‍ അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശം നേടാനായത്. സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങള്‍ രാജ്യത്ത് യുപിഎസ്‌സി ജിഹാദ് നടക്കുന്നുവെന്ന പ്രചാരണം കൊഴുപ്പിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്.
രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാര്‍ അനുകൂല മാധ്യമം സുദര്‍ശന ടിവിക്കെതിരായ പരാതി സുപ്രീംകോടതി കയറിയിരിക്കുകയാണ്. അതിനിടെയാണ് ഇത്തവണ മാത്രം സിവില്‍ സര്‍വീസ് പ്രവേശനത്തിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നത്. പ്രവേശനം നേടിയവരില്‍ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. അതേസമയം മഹാഭൂരിപക്ഷവും സംഘ്പരിവാര്‍ അനുകൂല സ്ഥാപനത്തില്‍ പരിശീലനം നേടിയവരും. 14.2% ജനസംഖ്യയുള്ള രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ഇത്തവണ പ്രതിനിധ്യം 5% മാത്രം. പ്രവേശനം നേടിയ 828 പേരില്‍ 42 പേര്‍ മാത്രം. എന്നാല്‍ ഇതില്‍ 476 പേരും ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവര്‍, അതായത് 61% പേര്‍. ഫൗണ്ടേഷന്‍ തന്നെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കും ഇത് തന്നെ. 2018ല്‍ 57%വും 2017ല്‍ 62%വും 2016ല്‍ 60% പേരും ഇവിടെ നിന്ന് പ്രവേശനം നേടി.
ഇത്തവണ സിവില്‍ സര്‍വീസ് നേടിയ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ ആദരിക്കാനായി നാളെയാണ് ഫൗണ്ടേഷന്‍ ആദരിക്കല്‍ ചടങ്ങ് വെച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, നാഗലാന്‍ഡ് ഗവര്‍ണര്‍ എന്‍ രവി എന്നിവരാണ് മുഖ്യാതിഥികള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുതല്‍ വിദ്യാഭ്യാസ മന്ത്രി പൊക്രിയാല്‍ വരെ ഫൗണ്ടേഷനിലെ സന്ദര്‍ശകരാണ്. ഈ വസ്തുത മറച്ചുവെച്ചാണ് ജാമിഅ മില്ലിയ സര്‍വകലാശാലയുടെയും സകാത്ത് ഫൗണ്ടേഷന്റെയും സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ വഴി മുസ്‌ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്ന വര്‍ഗീയ പ്രചാരണം സംഘ്പരിവാര്‍ മീഡിയകള്‍ അഴിച്ചുവിടുന്നത്.