X

സിവില്‍സര്‍വീസ് ഇനി കൈയെത്തും ദൂരത്ത്-അഡ്വ. എ.കെ മുസ്തഫ

സിവില്‍ സര്‍വീസ് രംഗം എന്നും മലബാറിന് അന്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. സിവില്‍ സര്‍വീസ് പരിശീലനം എന്നത് ശ്രമകരമായ ഒന്നാണ്. മലബാറില്‍ പരിശീലനത്തിനുള്ള അനുപൂരക ഘടകങ്ങളുടെ അഭാവമാണ് മറ്റൊരു കാരണം. സാമ്പത്തികം മറ്റൊരു പ്രതിസന്ധിയായിരുന്നു.

പഠന മികവില്‍ മലബാറിലെ കുട്ടികള്‍ മറ്റു പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കൊപ്പമോ ഒരുപടി മുന്നിലോ എത്തിത്തുടങ്ങി എന്നത് ഏറെ ശുഭോദര്‍ക്കമാണ്. എസ്. എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ മാത്രമല്ല, മെഡിക്കല്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും മുന്നേറ്റം കാണാനാവും. തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മലബാറിലെ കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലുള്ള പല സംസ്ഥാനങ്ങളില്‍നിന്നും സിവില്‍ സര്‍വീസ് രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നു എന്നത് കേരളീയര്‍ പഠനവിധേയമാക്കേണ്ട വിഷയമാണ്. ബീഹാര്‍, ഝാര്‍ക്കണ്ട്, ഒറീസ, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ ഉദാഹരണമാണ്. ഈ സംസ്ഥാനങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനാവശ്യമായ സമ്മിശ്ര ഘടകങ്ങളുടെ ഒത്തുചേരല്‍ വേണ്ട അനുപാതത്തില്‍ കാലങ്ങളായി നടന്നുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. തിരുവനന്തപുരത്ത് ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നു രണ്ട് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട് എന്നതൊഴിച്ചാല്‍ കേരളത്തില്‍ മറ്റൊരിടത്തും മികച്ച പരിശീലന കേന്ദ്രങ്ങള്‍ ഇല്ല എന്നതാണ് വസ്തുത. പാസാവുമെന്ന് ഉറപ്പില്ലാത്ത കോഴ്‌സിന് ലക്ഷങ്ങള്‍ മുടക്കാന്‍ രക്ഷിതാക്കളും തയ്യാറാവുന്നില്ല. സിവില്‍ സര്‍വീസ് മോഹമുള്ള കുട്ടികള്‍ പോലും ഇത് മൂലം പ്രയാസപ്പെടുകയാണ്. ഇത്തരം കുട്ടികള്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നുകൊടുക്കുകയാണ് നജീബ് കാന്തപുരം എം.എല്‍.എ. പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയുടെയും വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ ഇരുളടയരുതെന്ന ഉറച്ച തീരുമാനമാണ് പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വീസ് അക്കാദമിക്ക് തുടക്കമിടാന്‍ എം.എല്‍.എയെ പ്രേരിപ്പിച്ചത്. ചരിത്രത്തിന്റെ പിറവിക്കാണ് പെരിന്തല്‍മണ്ണ സാക്ഷ്യം വഹിക്കുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച വലിയ മനുഷ്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലാണ് സ്ഥാപനം ഉയരുന്നത് എന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. ഇന്ത്യയിലെ തന്നെ
ആദ്യത്തെ സമ്പൂര്‍ണ സൗജന്യ സിവില്‍ സര്‍വീസ് അക്കാദമിയാണിത്.

എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനമാണ് പാലിക്കപ്പെടുന്നത്. ‘നിങ്ങളുടെ കുട്ടികളെ എനിക്ക് നല്‍കൂ, എന്റെ മക്കളെപ്പോലെ ഞാനവര്‍ക്ക് ജീവിതം നല്‍കാമെന്ന’തായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാവൂ എന്നതായിരുന്നു തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം. ക്രിയ എന്ന വിദ്യാഭ്യാസ പദ്ധതിക്ക് തിരഞ്ഞടുപ്പ് പ്രചാരണ വേളയില്‍തന്നെ തുടക്കമിട്ടിരുന്നു. എല്‍.പി സ്‌കൂള്‍ മുതല്‍ സിവില്‍ സര്‍വീസ് തലം വരെ നീണ്ടുനില്‍ക്കുന്ന വിശാലമായ വിദ്യാഭ്യാസ മാസ്റ്റര്‍പ്ലാനാണ് അദ്ദേഹത്തിനുള്ളത്. അക്കാദമിക്ക് വേണ്ട സ്ഥലം പെരിന്തല്‍മണ്ണ ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി (ഐ.എസ്.എസ്) മാനേജിങ് കമ്മിറ്റി വിട്ടുനല്‍കിയതോടെ കാത്തിരുന്ന സ്വപ്‌ന പദ്ധതിയിലേക്ക് എളുപ്പം നടന്നടുക്കുകയായിരുന്നു. എല്ലാ വിഭാഗം ആളുകളും രാഷ്ട്രീയ, ജാതി, ചിന്തകള്‍ക്കതീതമായി ക്രിയ എന്ന വിദ്യാഭ്യാസ പദ്ധതിക്ക് ഒപ്പംചേര്‍ന്നു. നാടിന്റെ നന്മയിലും പുരോഗതിയിയും എല്ലാവരും ചേര്‍ന്ന് നിന്ന പാരമ്പര്യമാണ് പെരിന്തല്‍മണ്ണക്കുള്ളത്.

പൊതു വിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ സ്ഥാപനങ്ങള്‍ കൊണ്ടുവരാനും നിലവില്‍ ഉണ്ടായിരുന്ന കലാലയങ്ങളില്‍ കാലത്തിനൊത്ത മാറ്റം സൃഷ്ടിച്ചെടുക്കാനും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പിക്കും മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിക്കും സാധിച്ചു എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് എം.ഇ.എ എഞ്ചിനീയറിങ് കോളജ്, പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവ. കോളജ്, അലിഗഢ് ഓഫ് കാമ്പസ്, ഗവ. പോളിടെക്ക്‌നിക്ക് തുടങ്ങിയവ. തുടര്‍ച്ച എന്ന നിലയില്‍ പുതിയ കാലവും പുതുതലമുറയും ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ അതിരുകളില്ലാത്ത സാധ്യതകളുടെ ലോകം ഒന്നുകൂടി മലര്‍ക്കെ തുറക്കപ്പെടുകയാണ് പെരിന്തല്‍മണ്ണയില്‍.

തികച്ചും സുതാര്യമായതും അര്‍ഹത മാത്രം മാനദണ്ഡമാക്കിയുമാണ് അക്കാദമിയിലെ പഠിതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്. അയ്യായിരത്തിലധികം അപേക്ഷകരെ കോഴിക്കോടും പെരിന്തല്‍മണ്ണയിലുമായി ആദ്യഘട്ട പരീക്ഷക്ക് വിധേയരാക്കി, അഞ്ഞൂറ് പേരുടെ ചുരുക്ക പട്ടിക ഉണ്ടാക്കുകയും അതില്‍ നിന്നും അഭിമുഖം നടത്തി മിടുക്കരെ കണ്ടെത്തുകയുമാണ് ചെയ്തിട്ടുള്ളത്.റസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെയാണ് അക്കാദമി കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. നൂറ് പേര്‍ക്ക് ഒരേസമയം ഒരുമിച്ചിരുന്നു പഠിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ക്ലാസ് റൂം, ഡിജിറ്റല്‍ സംവിധാനങ്ങളോടെയുള്ള ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റുഡിയോ, ബോര്‍ഡ് റൂം, വിശാലമായ റിസപ്ഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

Test User: