പൗരന് ഒട്ടും ആശ്വാസം നല്‍കാത്ത ഏറെ ആശങ്കകള്‍ നിറഞ്ഞ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. സര്‍ക്കാറിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും വായ മൂടിക്കെട്ടുന്ന അത്യന്ത്യം പ്രതിസന്ധി നിര്‍ഭരമായ സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ പുതിയ ജനാധിപത്യ സൂചികയില്‍ പത്ത് പോയിന്റ് കുത്തനെ ഇടിഞ്ഞ് 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആധുനിക ഇന്ത്യ. സൂചികയില്‍ ഇന്ത്യ പിന്തള്ളപ്പെടാന്‍ കാരണം രാജ്യത്തെ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് നരേന്ദ്ര മോദി ഭരണത്തില്‍ ഒരു സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായ സ്വതന്ത്ര രാജ്യം എന്നതിലേക്ക് ഇന്ത്യ മാറി എന്നാണ്. പ്രഥമ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ തന്നെ ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യവും അപകടത്തിലായ സ്ഥിതിയിലായി. രണ്ടാമതും അധികാരത്തിലേറിയപ്പോള്‍ പൗരസ്വാതന്ത്ര്യം പൂര്‍ണമായും അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലേക്ക് രാജ്യം എത്തിനില്‍ക്കുന്നു. ഭരണകൂടവും കോര്‍പറേറ്റ് താല്‍പര്യങ്ങളും പരസ്പരം കൈകോര്‍ത്ത് മനുഷ്യാവകാശങ്ങളെ തടയിടുന്ന ഏറ്റവും ഭീകരമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. വസ്ത്ര സ്വാതന്ത്രത്തിനു മുകളിലുള്ള കടന്നുകയറ്റവും കശ്മീരിലെ രാഷ്ട്രീയ നടപടികളും അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ ജനാധിപത്യത്തിനെ അരുംകൊല ചെയ്യുന്നതാണ്.
ആത്മ വിമര്‍ശനത്തിന്റെ വലിയ തലങ്ങള്‍ ഉള്‍ക്കൊണ്ട രാജ്യമായിരുന്നു ഇന്ത്യ. ‘ദി മോഡേണ്‍ റിവ്യൂ’ എന്ന മാഗസിനില്‍ ചാണക്യ എന്ന പേരില്‍ കടുത്ത ഭാഷയില്‍ സ്വയം വിമര്‍ശനമെഴുതിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയില്‍ നിന്നും എത്രയോ പിറകിലാണ് നമ്മുടെ പുതിയ ഇന്ത്യ. വൈവിധ്യങ്ങള്‍ മുഴുവനും ഇല്ലായ്മ ചെയ്യുകയും അതിനെ അസഹിഷ്ണുതയോടുകൂടി നോക്കിക്കാണുകയും ചെയ്യുന്ന ഭരണകര്‍ത്താക്കളുള്ള ഇന്ത്യ നെഹ്‌റുവിന്റെ ഇന്ത്യയില്‍ നിന്നും എത്രയോ ദൂരം വ്യതിചലിച്ചിരിക്കുന്നു. പൗരസ്വാതന്ത്ര്യം കവരുന്ന ഭരണകൂട ചെയ്തികള്‍ സത്യ സന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍ത്ത് എസ്‌റ്റേറ്റിനെ ഭരണകൂടം നിശബദരാക്കുന്നതും അത്യന്തം ആ പത്കരമാണ്.
രാജ്യത്തെ ബഹുസ്വരതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് മതേതര സമൂഹം ഒറ്റക്കെട്ടായി നേതൃത്വം നല്‍കണം. നമുക്ക് നമ്മുടെ ഇന്ത്യയെ വീണ്ടെടുക്കാനും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന സമീപനങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കുന്നതിന് വേണ്ടി ‘ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം’ എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കുകയാണ്.