X

രക്തക്കളമായി നഗരപാതകള്‍; മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് 57 ജീവന്‍

കോഴിക്കോട്: പുതുവര്‍ഷം പിറന്ന് രണ്ട്മാസം പിന്നിടുമ്പോള്‍ കോഴിക്കോട് നഗരത്തില്‍ വാഹനാപകട നിരക്കില്‍വര്‍ധന. ഓരോദിവസവും പത്തിലധികം അപകടങ്ങള്‍ സംഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും കാരണം അപകടങ്ങള്‍ കൂടുകയാണ്. കഴിഞ്ഞദിവസങ്ങളിലായി അപകടത്തില്‍ മൂന്ന് പേരാണ് മരണമടഞ്ഞത്. പുതിയങ്ങാടിയില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീ മരണപ്പെട്ടിരുന്നു. മാനാഞ്ചിറ എല്‍.ഐ.സി ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളുടെ ജീവനും പൊലിഞ്ഞിരുന്നു.

നവംബര്‍ മുതല്‍ ഫെബ്രുവരി ഇതുവരെയായി ചെറുതും വലുതുമായി 1795 അപകടങ്ങളാണ് നഗരത്തിലുണ്ടായത്. ഇതില്‍ 57പേരാണ് മരണമടഞ്ഞത്. 540പേര്‍ ഗുരുതരമായി പരിക്കുകളോടെ ചികിത്സയിലാണ്. ഏറ്റവും കൂടുതല്‍ അപകടം വരുത്തുന്നത് സ്വകാര്യ ബസുകളാണ്. ബസുകള്‍ ഉള്‍പ്പെട്ട 93 അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 12 പേരുടെ ജീവനും നഷ്ടമായി. 56പേര്‍ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. സ്വകാര്യബസുകളുടെ അമിതവേഗമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാക്കുന്നത്.

സമയക്രമം പാലിക്കാനായി ബസുകള്‍ അമിതവേഗതിയില്‍ കുതിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നഗരത്തിലെ ട്രാഫി പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതും നിയമലംഘനങ്ങള്‍ക്ക് കാരണമാകുന്നു. അപകടങ്ങളുണ്ടാകുമ്പോള്‍മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കുന്നതെന്ന ആരോപണവും ശക്തമാണ്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ കുറയ്ക്കാനാകും. വീതികുറഞ്ഞ ഈ പാതയില്‍ രാവിലെയും വൈകീട്ടും വലിയഗതാഗതകുരുക്കാണുണ്ടാകുന്നത്.

കുരുക്കില്‍നഷ്ടമാകുന്ന സമയം തിരിച്ചുപിടിക്കാന്‍ ഡ്രൈവര്‍മാര്‍ വേഗതകൂട്ടുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

webdesk11: